കോട്ടയം : കേരള രാഷ്ട്രീയത്തില്‍ ഏറെ സവിശേഷതകള്‍ സമ്മാനിച്ചു കടന്നുപോയ അന്തരിച്ച നേതാവ് കെ എം മാണിയുടെ ഒപ്പം ഏറ്റവും അധികകാലം പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരില്‍ പ്രമുഖനാണ് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍. കെ എം മാണിയുടെ വിശ്വസ്തരായ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന നിലയിലാണ് പാലാ ഇടപ്പാടി സ്വദേശിയായ ഔസേപ്പച്ചന്‍ അറിയപ്പെടുന്നത്.
2 പതിറ്റാണ്ടുകളോളം മാണിസാര്‍ എന്ന അതികായന്‍റെ നിഴലായി കൂടെ ഉണ്ടായിരുന്നിട്ടും ആരോപണങ്ങളില്‍ അകപ്പെട്ടിരുന്നില്ലെന്നതും ഔസേപ്പച്ചന്‍റെ പ്രത്യേകതയാണ്. അതിനാലാകണം മരണത്തിനു ഏതാനും ആഴ്ചകള്‍ മുന്‍പ് ഔസേപ്പച്ചനെ കേരളാ കോണ്‍ഗ്രസിന്‍റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം നോമിനേറ്റു ചെയ്യുകയും ചെയ്തിരുന്നു.
കെ എം മാണിയുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് 'മാണിസാറിന്റെ ഔസേപ്പച്ചന്‍' എന്നറിയപ്പെടുന്ന, അദ്ദേഹത്തോട് ഏറ്റവും ചേര്‍ന്ന് നിന്ന ഔസേപ്പച്ചന്‍ വാളിപ്ലാക്കലിന്‍റെ ഓര്‍മ്മക്കുറിപ്പ് ഇങ്ങനെ :-
" പാലായുടെ വിളക്കണഞ്ഞിട്ട് ഒരു വർഷം. നമ്മുടെയെല്ലാം മാണി സാർ..... കേരളരാഷ്ട്രീയത്തിൽ ജ്വലിച്ചുനിന്ന പ്രകാശഗോപുരം. രണ്ടുപതിറ്റാണ്ടുകൾ അദ്ദേഹത്തിൻ്റെ നിഴലായി ചേർന്നു നിൽക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി ഞാൻ കരുതുന്നു.
ജീവിതകാലം മുഴുവൻ അഭിമാനത്തോടെ ഓർക്കാൻ ഒരായിരം ഓർമകൾ. മനുഷ്യസ്നേഹത്തിന്റെ നിറകുടമായിരുന്നു ആ മനസ്സ്. ആരെയും വെറുത്തില്ല. ആരോടും പക വെച്ചു പുലർത്തിയില്ല.
ജീവിതകാലം മുഴുവൻ തന്നെ എതിർത്തവരെപ്പോലും, സഹായം തേടി വന്നപ്പോൾ കൈയയച്ച് സഹായിച്ചു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അധികാരത്തിന്റെ കൊടുമുടിയിലിരിക്കുമ്പോഴും അഹങ്കാരമോ ധാർഷ്ട്യമോ ഇല്ലാതെ എല്ലാവരെയും നിറപുഞ്ചിരിയോടെ ചേർത്തുപിടിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കടുത്ത ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും ആർക്കെതിരെയും വ്യക്തിപരമായി ഒരക്ഷരവും പറഞ്ഞില്ല. പറയരുതെന്ന് സഹപ്രവർത്തകരെ വിലക്കുകയും ചെയ്തു. പി.ജെ.ജോസഫ് സാർ എതിർചേരിയിലായിരിക്കെ അപവാദച്ചുഴിയിൽപ്പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ ഒരു വാക്കുപോലും പറയരുതെന്ന് അണികൾക്ക് മാണി സാർ കർശനനിർദ്ദേശം നൽകിയതോർക്കുന്നു.
എന്നാൽ അദ്ദേഹത്തിനൊരു പ്രതിസന്ധി വന്നപ്പോൾ പലരും അതൊരവസരമാക്കി ഉപയോഗിച്ചതും അദ്ദേഹം നിസ്സംഗതയോടെ കണ്ടു. വിവാദങ്ങളുടെ സമയത്ത് തന്നെ കടന്നാക്രമിക്കുവാൻ മുന്നിൽ നിന്ന രാഷ്ട്രിയ എതിരാളിയുടെ മകൾക്ക് അഡ്മിഷനും ഫീസിളവും വാങ്ങി നൽകി മടക്കി അയച്ച മാണിസാറിനെ ആദരവോടെയല്ലാതെ ആർക്കാണ് കാണാൻ കഴിയുക .
സംഭവ ബഹുലമായ ബഡ്ജറ്റ് അവതരണത്തിൻ്റെ ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം ചേർന്നു നിന്ന് പ്രവർത്തിക്കുവാൻ കഴിഞ്ഞതും പുറത്തിറങ്ങിയ ഉടൻ വായിച്ച ബഡ്ജറ്റ് പുസ്തകം സമ്മാനമായി നൽകിയതും ഞാൻ ഓർക്കുന്നു.
പാല എന്നും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. പാലായ്ക്കുവേണ്ടി ഇനിയും എന്തു ചെയ്യാം എന്നായിരുന്നു ഓരോ ദിവസവും അദ്ദേഹത്തിന്റെ ആലോചന. പാലാക്കാരെല്ലാം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്നു. അവരുടെ സുഖദു:ഖങ്ങളിലെല്ലാം മാണിസാറിന്റെ സാന്നിധ്യവും പ്രാർഥനയുമുണ്ടായിരുന്നു.
മുതിർന്ന പാർട്ടിപ്രവർത്തകരെയും അസുഖബാധിതരായിക്കിടക്കുന്നവരെയുമൊക്കെ വീട്ടിൽപ്പോയിക്കാണാനും സഹായിക്കാനും അദ്ദേഹം ഏപ്പോഴും ശ്രദ്ധിച്ചു .എത്ര തിരക്കിലും കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലിൽ കുറവുവരുത്തിയില്ല.
തിരുവനന്തപുരത്തു നിന്നും വൈകിയുള്ള മടക്കയാത്രയിൽ തൻ്റെ നീളൻ ജൂമ്പയുടെ പോക്കറ്റിൽ പാലായിലെ ഏതെങ്കിലും വർക്കുകളുടെ ഭരണാനുമതി ക്കൊപ്പം സെക്രറ്ററി യേറ്റിനു മുന്നിലെ പെട്ടിക്കടയിൽ നിന്നു വാങ്ങിയ ചൂടുള്ള ഉണ്ണിയപ്പവും തൻ്റെ പ്രിയതമക്കായി കരുതുമായിരുന്നു അദ്ദേഹം.
ധനമന്ത്രിമാരുടെ ദേശീയ സമിതി ചെയർമാനായിരിക്കെ തിരക്കിട്ട ഒരു ദിവസം ഡൽഹിയിലെ തുണിക്കടകളിൽ കയറിയിറങ്ങി കുട്ടിയമ്മചേച്ചിക്കായി ജന്മദിന സാരി തിരെഞ്ഞടുത്തതും സ്വന്തം തോളിൽ വിരിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് ആ മഞ്ഞസാരിയുടെ ഭംഗിയാസ്വദിച്ചതുമൊക്കെ മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നു.
പെഴ്സണൽ സ്റ്റാഫ് എന്നതിൽ കവിഞ്ഞ സ്നേഹവും അടുപ്പവും വിശ്വാസവും അദ്ദേഹം എന്നും എന്നോട് കാട്ടിയിട്ടുണ്ട്. അവസാന നാളുകളിൽ അതിന്റെ തീവ്രത വർധിച്ചുവരുന്നതായും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വായിച്ച് പോലും നോക്കാതെ പലപ്പോഴും കൊടുക്കുന്ന പേപ്പറുകളിൽ ഒപ്പിട്ടു നൽകുന്ന അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം എത്രമാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു .
ഇരുപത് വർഷത്തോളം ഒരു നിഴലായി കൂടെ നിന്ന എന്നോട് ഒന്ന് ദേഷ്യപ്പെടുകപോലും ചെയ്യാത്ത അദേഹത്തിൻ്റെ മഹത്വം വാക്കുകൾക്ക് അതീതമാണ് . മാണി സാറിന്റെ അവസാന കൈയൊപ്പ് വാങ്ങാനുള്ള നിയോഗം എനിക്കായിരുന്നു. ലോക് സഭാതിരഞ്ഞെടുപ്പിൽ ചാഴിക്കാടന് പാർട്ടിചിഹ്നം അനുവദിച്ചുള്ള കത്തായിരുന്നു അത്.
ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ടുതന്നെ നിരവധി പേരെ ഫോൺ ചെയ്ത് പ്രചാരണപ്രവർത്തനം ഊർജിതപ്പെടുത്താനും വിജയം ഉറപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകിക്കൊണ്ടിരുന്നതും ഞാൻ ഓർക്കുന്നു. ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നു എന്നറിയാമായിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടുപോകുമെന്ന് ഞാൻ കരുതിയില്ല.
ഒൻപതാം തിയതി രോഗം മൂർച്ഛിച്ചതറിഞ്ഞ് എല്ലാവരും ഐ സി യുവിനു മുന്നിൽ നിൽക്കുമ്പോൾ വാതിൽ വിടവിലൂടെ ജോമോൻ എന്നെ അകത്തേക്ക് വിളിച്ചതും ഒന്നും പറയാനാവാതെ നിറകണ്ണുകളോടെ എന്നെ ചേർത്തുപിടിച്ചതും മറക്കാനാവുന്നില്ല.
ഔസേപ്പച്ചാ ... എന്ന മാണി സാറിന്റെ വാത്സല്യം നിറഞ്ഞ വിളി ഒന്നുകൂടി കേൾക്കാൻ, ആ പാദങ്ങളെ പിന്തുടർന്ന് ഒരു നിഴലായി, ഊന്നുവടിയായി കൂടെ നടക്കാൻ, ഒന്നു ചേർന്നു നിൽ ക്കാൻ മനസ്സു കൊതിക്കുന്നു.
ഇനിയൊരിക്കലും അതിനു കഴിയില്ലെന്നറിയാമെങ്കിലും. മഹാനായ ആ മനുഷ്യസ്നേഹിയുടെ ഓർമ്മകൾക്കുമുൻപിൽ മനസ്സുകൊണ്ട് എത്രയോ വട്ടം ആദരാഞ്ജലികൾ അർപ്പിച്ചു കഴിഞ്ഞു. ഒരിക്കൽ കൂടി ദീപ്തമായ ആ ഓർമ്മകൾക്കു മുമ്പിൽ എൻ്റെ കണ്ണീർപ്പൂക്കൾ. "