കോട്ടയം: അച്ചാച്ചന്റെ അസാന്നിധ്യത്തിൽ ജോസ് കെ മാണി ആദ്യമായി പത്രിക സമർപ്പിച്ചു. കെ.എം.മാണിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് അമ്മ കുട്ടിയമ്മയുടെ കാൽതൊട്ട് വന്ദിച്ച് ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനിറങ്ങുമ്പോൾ ജോസ് കെ മാണി ഏറ്റവുമധികം മിസ് ചെയ്തത് അച്ചാച്ചനെയായിരുന്നു.
/sathyam/media/post_attachments/AhrmhqJBpqf0IIqU6t2h.jpg)
പത്രിക സമർപ്പിക്കാൻ ബ്ലോക്ക് ഓഫീസിലേക്ക് കയറുമ്പോഴാണ് ഡൽഹിയിൽ നിന്നും ആ സന്ദേശ മെത്തിയത്. രാജ്യത്തെ പരമോന്നത കോടതി രണ്ടില ചിഹ്നം തന്റെ പാർട്ടിക്ക് അനുവദിച്ചെന്ന വാർത്ത.
നിരവധി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും കെ.എം മാണിയെ സംബന്ധിച്ചടത്തോളം ഓരോ നാമനിർദ്ദേശ പത്രികാസമർപ്പണവും ഏറ്റവുമധികം സംഘർഷം അനുഭവിച്ചിരുന്ന മുഹൂർത്തമായിരുന്നുവെന്ന് ജോസ് കെ മാണി ഓർത്തു.
അച്ചാച്ചന്റെ നാമനിർദ്ദേശ പത്രികൾക്ക് നൽകിയിരുന്ന പ്രാധാന്യത്തെക്കാൾ കേരള കോൺഗ്രസ് നേതാക്കൾ നൽകിയിരുന്ന പത്രികകൾക്കാണ് അച്ചാച്ചൻ പ്രാധാന്യം നൽകിയിരുന്നത്. ഓരോ പത്രികയും അച്ചാച്ചൻ പ്രത്യേകം പരിശോധിക്കും. സസൂക്ഷ്മം വിലയിരുത്തും. പിഴവുകൾ ഉണ്ടോ എന്ന് നൂറാവർത്തി നോക്കും - ജോസ് കെ മാണി പറഞ്ഞു.
എറണാകുളം ലേക് ഷോർ ആശുപത്രികയിൽ കിടക്കുമ്പോൾ കോട്ടയം ലോകസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ച തോമസ് ചാഴികാടന്റെ പത്രികയാണ് കെ എം മാണി അവസാനം നോക്കി നൽകിയത്.
അച്ചാച്ചൻ പത്രിക കൈമാറുന്നത് കണ്ണടച്ചുള്ള പ്രാർത്ഥനക്ക് ശേഷമാണ്. പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്വർഗസ്ഥനായ അച്ചാച്ചനിൽ നിന്നും താൻ അനുഗ്രഹം ഏറ്റുവാങ്ങിയതായി ജോസ് കെ മാണി പറഞ്ഞു.
കെ.എം.മാണി ചരിത്രത്തിലേക്ക് വഴിമാറിയതോടെ അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയിൽ നിന്നാണ് സ്ഥാനാർത്ഥികൾ അനുഗ്രഹം തേടിയത്. 2004 മുതൽ മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ജോസ് കെ മാണി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞടുപ്പ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേരള കോൺഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെത്തുന്നത്. ഇടതു മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി മത്സരിക്കുന്ന ആദ്യ തെരഞ്ഞടുപ്പാണ് ഇത്.
പാലാക്കാരും ദൈവവും തനിക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസത്തിൽ ജോസ് കെ മാണി പുഞ്ചിരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us