കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി ഒരുക്കി പ്രവര്‍ത്തകര്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, April 8, 2020

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ ഇന്ന് (ഏപ്രില്‍ 9) കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലെ ഭക്ഷണം ഒരുക്കുന്നതിനുള്ള തുക അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) കൈമാറിയെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും, സെക്രട്ടറി ജോസഫ് ചാമക്കാലായും അറിയിച്ചു.

ജില്ലയിലെ 82 മണ്ഡലം കമ്മറ്റികളാണ് കമ്മ്യൂണിറ്റി കിച്ചനുകളിലേക്കുള്ള തുക കൈമാറിയത്. സംസ്ഥാനത്തുടനീളം ഇതേ മാതൃകയില്‍ ഇന്നേദിവസം വിവിധങ്ങളായ കാരുണ്യപ്രവര്‍ത്തങ്ങള്‍ നടത്തി കെ.എം മാണിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കഴിഞ്ഞ ജനുവരി മാസം കെ.എം മാണിയുടെ ജന്മദിനം സംസ്ഥാനത്തെ അഗതിമന്ദിരങ്ങള്‍, ബാലഭവനുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവും മരുന്നും നല്‍കി കാരുണ്യദിനമായാണ് പാര്‍ട്ടി ആചരിച്ചത്. ഏപ്രില്‍ 29 ന് കോട്ടയത്ത് നെഹ്രുസ്റ്റേഡിയത്തില്‍ നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമം കോവിഡ് 19 നെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

വ്യത്യസ്ഥ കാരുണ്യപ്രവര്‍ത്തനത്തിലൂടെ എ.കെ സെബാസ്റ്റ്യന്‍

കേരളാ കോണ്‍ഗ്രസ്സ് (എം) മുന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റും ക്യാന്‍സര്‍ രോഗി കൂടിയായ എ.കെ സെബാസ്റ്റ്യന്‍ കെ.എം മാണിയുടെ ഒന്നാം ചരമദിനത്തില്‍ സാമ്പത്തികമായി വിഷമതകള്‍ അനുഭവിക്കുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തെരെഞ്ഞെടുത്ത 15 ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കും. കെ.എം മാണിക്ക് സമൂഹത്തോടുണ്ടായിരുന്ന കരുണയുടേയു കരുതലിന്റെയും ഓര്‍മ്മക്കായാണ് എന്റെ എളിയ സഹായം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതെന്ന് എ.കെ സെബാസ്റ്റ്യന്‍ പറഞ്ഞു.

×