പാലാ നഗരസഭയുടെ ഓർമ്മകളിൽ പ്രിയപ്പെട്ട പരീക്കൊച്ച്; കെ.എം പരീക്കൊച്ചിനെ അനുസ്മരിച്ചു

New Update

publive-image

പാലാ: പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി, അടിയന്തിര കൗൺസിൽ യോഗത്തിൽ, അകാലത്തിൽ മരണമടഞ്ഞ ഒരു ജീവനക്കാരനെ - ശിപായി കെ.എം പരീക്കൊച്ചിനെ അനുസ്മരിച്ചു.

Advertisment

ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പങ്കെടുത്ത മുഴുവൻ കൗൺസിലർമാരുടെയും മുനിസിപ്പൽ ജീവനക്കാരുടെയും കണ്ണു നിറച്ചൂ, പരീക്കൊച്ചിൻ്റെ സ്നേഹ സ്മരണകൾ. കാൻസർ ബാധിതനായിരുന്ന പരീക്കൊച്ച് കഴിഞ്ഞ ജൂൺ 23-നാണ് അന്തരിച്ചത്.

1987-ൽ അന്നത്തെ നഗരസഭാ ചെയർമാൻ ജോസഫ് മാത്യു അഞ്ചേരിയുടെ കാലത്ത് താൽക്കാലിക ജീവനക്കാരനായാണ് ഈരാറ്റുപേട്ട സ്വദേശിയായ പരീക്കൊച്ച് പാലാ നഗരസഭയിലെത്തുന്നത്. 1994-ൽ അന്നത്തെ ചെയർമാൻ ജോസ് തോമസ് പടിഞ്ഞാറേക്കര പ്രത്യേക താൽപ്പര്യമെടുത്ത് ഇദ്ദേഹത്തിന് സ്ഥിര നിയമനം നൽകുകയായിരുന്നു.

ജോസ് തോമസ് പടിഞ്ഞാറെക്കര മുതൽ ഇദ്ദേഹത്തിൻ്റെ മകൻ കൂടിയായ ഇപ്പോഴത്തെ ചെയർമാൻ ആൻ്റോ ജോസിൻ്റേത് ഉൾപ്പെടെ പത്തോളം മുൻ ചെയർമാൻമാരുടെയും വിശ്വസ്തനായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് പരീക്കൊച്ചിൻ്റെ പ്രവർത്തന വൈശിഷ്ട്യം. കാലാകാലങ്ങളായുള്ള എല്ലാ നഗരപിതാക്കളുടെയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നൂ ഇദ്ദേഹം.

കൗൺസിൽ യോഗത്തിൽ പരീക്കൊച്ചിൻ്റെ വിനയം, ആത്മാർത്ഥത, ലാളിത്യം, സത്യസന്ധത, വിശ്വസ്തത തുടങ്ങിയ ഗുണങ്ങൾ ഭരണ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം ചൂണ്ടിക്കാട്ടി. പരീക്കൊച്ചിൻ്റെ വിയോഗം പാലാ നഗരസഭയ്ക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്ന് വൈസ് ചെയർപേഴ്സൺ സിജി പ്രസാദും, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയും ഒരേ സ്വരത്തിൽ പറഞ്ഞു.

ചെയർമാൻ ആൻ്റോ ജോസ് നേരിട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.കാൽ നൂറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഏറിയ പങ്കും നഗരസഭാ കൗൺസിലിനു വേണ്ടി പണിയെടുത്ത പരീക്കൊച്ച് ഒരു നഗരസഭാ ജീവനക്കാരൻ എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും നല്ല മാതൃകയായിരുന്നൂവെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.

പരീക്കൊച്ചിനെ അനുസ്മരിച്ചു കൊണ്ട് " കേരളകൗമുദി " റിപ്പോർട്ടർ സുനിൽ പാലാ എഴുതിയ വികാര നിർഭരമായ ഓർമ്മക്കുറിപ്പിനെപ്പറ്റി ചെയർമാനും ഭരണ പ്രതിപക്ഷ കൗൺസിലർമാരും യോഗത്തിൽ പരാമർശിച്ചു. പരീക്കൊച്ചിനോടുള്ള ആദരസൂചകമായി കൗൺസിലർമാരും ഉദ്യോഗസ്ഥരും ഒന്നടങ്കം ഒരു നിമിഷം എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.

എല്ലാവർക്കും പ്രിയങ്കരനായിരുന്ന പരീക്കൊച്ചിൻ്റെ ഓർമ്മ നിലനിർത്തുന്നതിന് ഉചിതമായ പരിപാടികൾക്ക് നഗരസഭ തുടക്കം കുറിക്കുമെന്ന് ചെയർമാൻ ആൻ്റോ ജോസ് പറഞ്ഞു.

pala news
Advertisment