കുവൈത്ത് സിറ്റി: താനൂർ പുതിയ കടപ്പുറം അഞ്ചുടി സ്വദേശി മുസ്ലിം ലീഗ് പ്രവർത്തകൻ ഉപ്പന്റെ പുരക്കൽ ഇസ്ഹാഖിനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുവൈത്ത് കെഎം.സി.സി. കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
താനൂരിൽ വിശിഷ്യാ തീര പ്രദേശങ്ങളിൽ മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കുക എന്ന കുടില തന്ത്രമാണ് സി പി എം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മണ്ഡലത്തിൽ 32000 ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻ തിരിച്ചു വരവ് നടത്തിയ സാഹചര്യത്തിൽ, നാട്ടിൽ ഭീതി പടർത്തി പുതുതലമുറ പാർട്ടിയിലേക്ക് കടന്ന് വരുന്നതും, സജീവമാകുന്നതും തടയുക എന്ന കുതന്ത്രവും ഇതിനു പിന്നിലുണ്ട്.
പോലീസിനെ നോക്കു കുത്തിയാക്കി സി പി എം നടത്തുന്ന കണ്ണൂർ മോഡൽ കൊലപാതക രാഷ്ട്രീയം മലപ്പുറത്തിന്റെ തീര പ്രദേശങ്ങളിൽ പരീക്ഷിക്കുന്നത് സി.പി.എം. ഉടൻ അവസാനിപ്പിക്കണമെന്നും കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സുബൈർ പാറക്കടവ് ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചി. മുഷ്താഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് മൂടാൻ, ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ കരിങ്കപ്പാറ ജനറൽ സെക്രട്ടറി കെ.പി.മുസ്തഫ എന്നിവർ പുറത്തിറക്കിയ സംയുക്ത വാർത്താ കുറിപ്പിൽ പറഞ്ഞു.