കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വപ്ന സുരേഷ്.
/sathyam/media/post_attachments/SZo5hSl8B9JJ5xRU6Boy.jpg)
കേസിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയും സർക്കാരും കേസ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി പല നാടകങ്ങളും നടന്നു. താൻ 164 മൊഴി നൽകിയ ശേഷം തന്റെ ഡ്രൈവർ, വക്കീൽ തനിക്കു ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവർക്കെതിരെയൊക്കെ ക്രൈംബ്രാഞ്ച് കേസെടുത്തു.
നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ലെന്ന വിഷമത്തിലായിരുന്നെന്നു സ്വപ്ന പറഞ്ഞു.
ഇഡിയിൽ പൂർണമായ വിശ്വാസമുണ്ട്. ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇഡിയുടെ നീക്കം പ്രതീക്ഷ നൽകുന്നതാണ്. സത്യം ഒരിക്കൽ പുറത്തുവരും. കേരളത്തിലാണെങ്കിൽ അന്വേഷണം തടസപ്പെടും.
കേസ് വന്നപ്പോൾ മുതൽ മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്. 164 മൊഴിയിൽ മുഖ്യമന്ത്രിക്കും വീണാ വിജയനും എതിരായി നൽകിയ മൊഴിയുടെ തെളിവുകൾ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
തന്റെ വക്കീലന്മാരെ കയ്യിലെടുക്കാൻ ശ്രമിക്കുകയും അതിനു വഴങ്ങാത്ത വക്കീലന്മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണ്. പാലക്കാട് കണ്ടിട്ടില്ലാത്ത പയ്യന്റെ പേരിൽ, ക്രൈംബ്രാഞ്ച് പറഞ്ഞതു ചെയ്യാത്തതിനു കേസെടുക്കുന്നു.
സന്ദീപ് നായരെന്ന സ്ഥിരം കുറ്റവാളിയെ ഉപയോഗിച്ച് ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുന്നു. തന്റെ വോയ്സ് റെക്കോർഡ് എടുത്തു റിലീസ് ചെയ്യുന്നു. കോടതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണ് എന്നാണ് അവർ പറയുന്നത്. ഒന്നിനും തെളിവില്ലെന്നും പറയുന്നു.
മുൻമന്ത്രി കെ.ടി.ജലീൽ ദേശവിരുദ്ധ പ്രവൃത്തികൾ ചെയ്തു എന്നതിന്റെ തെളിവു വക്കീലിനു കൊടുത്തിട്ടുണ്ട്. നാളെ അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു നാളെ അറിയും. ഇഡി ഈ കേസ് അന്വേഷിക്കുമ്പോൾ എല്ലാം പുറത്തു വരും. നാളത്തെ അഫിഡവിറ്റിലൂടെ എല്ലാം വ്യക്ത്മാകുമെന്നും സ്വപ്ന പറഞ്ഞു.