കൊച്ചി: വധശ്രമക്കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പരീക്ഷ എഴുതുന്നതിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.
/sathyam/media/post_attachments/4BtAMwNdLKA2bEbtt4bU.jpg)
പരീക്ഷ നടക്കുന്ന ജൂലൈ 23 മുതൽ ഓഗസ്റ്റ് മൂന്നു വരെയായിരിക്കും ജാമ്യകാലാവധി. പരീക്ഷ എഴുതാനല്ലാതെ ഈ കാലയളവിൽ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത്, 25000 രൂപയുടെ ബോണ്ട് കെട്ടി വയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്ന പരാതിയിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് അറസ്റ്റിലായ അർഷോ നിലവിൽ കാക്കനാട് ജയിലിലാണ് തടവിലുള്ളത്. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോൾ പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മുൻകൂട്ടി കണ്ട് അധ്യാപകരുടെ സഹായത്തോടെ ഹാൾടിക്കറ്റ് തയാറാക്കിയതാണെന്ന് എതിർഭാഗം ഉന്നയിച്ചു. പൂജ്യം ഹാജർ നിലയുള്ള പ്രതിക്ക് പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, പരീക്ഷ എഴുതാനുള്ള വിദ്യാർഥിയുടെ അവകാശത്തെ തടയാനാവില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഹാജരില്ലാത്തതിനാൽ അർഷോയ്ക്കു ഹാൾടിക്കറ്റ് നൽകാനാവില്ലെന്നും ഇടതു താൽപര്യമുള്ള അധ്യാപകരുടെ പ്രത്യേക താൽപര്യത്തിലാണ് നൽകിയിരിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ ഗവർണർക്കു കത്തയച്ചിരുന്നു.