കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയ്ക്കു ഹൈക്കോടതിയുടെ താക്കീത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്.
/sathyam/media/post_attachments/rhIXBVnNmxLyy4khTHuw.jpg)
കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്.
കോടതിക്കെതിരായ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്ന കോടതിയുടെ ചോദ്യത്തിനു പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി. ഇതിന് അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽനിന്നു പിൻമാറണോ എന്നു തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു.
ഹർജിയിൽനിന്നു പിൻമാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.