Advertisment

രജത ജൂബിലി വര്‍ഷത്തില്‍ പുതിയ നിക്ഷേപങ്ങളുമായി സിഎസ്എല്‍ ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ലോജിസ്റ്റിക്‌സ് സേവനദാതാവായ കണ്‍സോളിഡേറ്റഡ് ഷിപ്പിങ് ലൈന്‍ (സിഎസ്എല്‍) ഇന്ത്യ രജത ജൂബിലി നിറവില്‍. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പുതിയ നിക്ഷേപങ്ങളുമായി പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image

ഇതിന്റെ ഭാഗമായി ചെന്നൈയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 50,000 ച.അടി വെയര്‍ ഹൗസ് ആരംഭിക്കുമെന്ന് സിഎസ്എല്‍ ഇന്ത്യ ചെയര്‍മാനും സിഇഒയുമായ അജയ് ജോസഫ് അറിയിച്ചു. ഇതിന് പുറമേ ചരക്ക് സംഭരിക്കാന്‍ സൗകര്യമുള്ള 50,000 ച.അടി തുറന്ന സ്ഥലവും കണ്ടെയ്‌നര്‍ അറ്റകുറ്റപ്പണികള്‍ക്കായും കണ്ടെയ്‌നര്‍ സ്റ്റോറേജിനുമായി മറ്റൊരു 20,000 ച.അടി സ്ഥലവും നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അജയ് ജോസഫ് അറിയിച്ചു.

ഇറക്കുമതി ഉപഭോക്താക്കള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സിന് ശേഷം ചരക്കുകള്‍ കണ്ടെയ്‌നറുകളില്‍ നിന്നും ഇറക്കി തങ്ങളുടെ ക്ലയന്റുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വിതരണം ചെയ്യുന്നതിന് ഈ വെയര്‍ഹൗസ് ഉപകരിക്കും. കയറ്റുമതി ഉപഭോക്താക്കള്‍ക്ക് ചരക്കുകള്‍ സൂക്ഷിക്കാനും ഇത് ഉപകരിക്കുമെന്നും അജയ് ജോസഫ് വ്യക്തമാക്കി.

ചരക്ക് ഗതാഗതത്തിന് നിലവിലുള്ള നോണ്‍ വെസ്സല്‍ ഓപ്പറേറ്റിങ് കോമണ്‍ കാരിയര്‍ (എന്‍വിഒസിസി) സേവനം കൂടുതല്‍ വിപുലീകരിക്കാനും കമ്പനി തീരുമാനിച്ചു.

ചരക്ക് കപ്പലുകളില്‍ സ്ഥലം വാടകയ്ക്ക് എടുക്കുന്ന സ്വന്തം കണ്ടെയ്‌നറുകളുള്ള കാരിയര്‍ സര്‍വീസാണ് ഇത്. ഇപ്പോള്‍ 1000 കണ്ടെയനറുകളാണ്  കമ്പനി ഓപ്പറേറ്റ് ചെയ്യുന്നത്. ഇത് 2000 ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അജയ് ജോസഫ് പറഞ്ഞു.

ഈ സേവനം വ്യാപിപ്പിക്കുന്നതിനായി ദുബായില്‍ പുതിയ ഓഫീസ് ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ആഭ്യന്തര, രാജ്യാന്തര തലത്തില്‍ പാക്കിങ് ആന്‍ഡ് മൂവിങ് സേവനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് പുറമേ എംബസ്സികള്‍ക്കും ഇന്ത്യന്‍ നാവിക സേനയ്ക്കുമായാണ് ഈ സേവനം ലഭ്യമാക്കുന്നതെന്നും സിഎസ്എല്‍ ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു.

1997-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിഎസ്എല്‍ ഇന്ത്യ, റോഡ്, കടല്‍, ആകാശം എന്നീ മാര്‍ഗങ്ങളിലൂടെയുള്ള ചരക്ക് കൈമാറ്റവും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും പുറമേ കസ്റ്റംസ് ക്ലിയറന്‍സ്, എയര്‍ ഫ്രെയിറ്റ് സര്‍വീസ്, ആഭ്യന്തര കുറിയര്‍ സര്‍വീസ് തുടങ്ങി വിവിധ സേവനങ്ങളാണ് നല്‍കി വരുന്നത്.

യൂറോപ്പ്, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ കമ്പനി ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സര്‍ക്കാരും സേനാവിഭാഗങ്ങള്‍ക്കും പുറമേ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികളും സിഎസ്എല്‍ ഇന്ത്യയുടെ ഉപഭോക്താക്കളാണ്. സിഎസ്എല്‍ ഇന്ത്യ സിഎഫ്ഒ ജിനു ജോണ്‍ ജേക്കബ്, ഫിനാന്‍സ് ഹെഡ് ബിജു ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment