ലിസ് നിക്ഷേപത്തട്ടിപ്പ്; തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു, കേസിൽ 10 വർഷത്തിനുശേഷം വിചാരണ പുനരാരംഭിക്കുന്നു

New Update

കൊച്ചി: ലിസ് നിക്ഷേപത്തട്ടിപ്പു കേസിൽ 10 വർഷത്തിനുശേഷം വിചാരണ പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണു വിചാരണ പുനരാരംഭിക്കുന്നത്.

Advertisment

publive-image

പത്തുമാസത്തിനകം വിചാരണ പൂർത്തിയാക്കാനാണു ഹൈക്കോടതി ഉത്തരവ്. ലിസ് നിക്ഷേപത്തട്ടിപ്പുകേസിൽ തുടരന്വേഷണ റിപ്പോർട്ട് തള്ളമെന്ന ആവശ്യപ്പെട്ട് മാനേജിങ് ട്രസ്റ്റി പാലക്കൽ വീട്ടിൽ കുര്യാച്ചൻ ചാക്കോ അടക്കം 9 പ്രതികളാണ് 10 വർഷം മുൻപ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി നർകോട്ടിക് സെൽ അസി.കമ്മിഷണറായിരുന്ന പി.എം. ജോസഫ് സാജു സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജോസഫ് സാജുവിന് അന്വേഷണം നടത്താൻ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം.

ഈ വാദം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി കേസിന്റെ വിചാരണ 10 മാസത്തിനകം പൂർത്തിയാക്കാൻ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.

ഇടപാടുകാരിൽനിന്ന് 447 കോടി രൂപ പിരിച്ച കേസിൽ 9 പ്രതികൾക്കെതിരെ 2012 ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നേരത്തെ 7 പ്രതികളുണ്ടായിരുന്ന കേസിൽ തുടരന്വേഷത്തിനു ശേഷമാണ് രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കുമെന്നു ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിൻ മാതൃകയിലായിരുന്നു പ്രവർത്തനം. തങ്ങൾ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നൽകാൻ കഴിയില്ലെന്ന ഉറപ്പുണ്ടായിട്ടും പ്രതികൾ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണു കുറ്റപത്രത്തിലെ ആരോപണം.

Advertisment