Advertisment

ഒമാനിലേക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങുന്നത് കേരളത്തിൽ. ബെൻസിന് ഇവിടെ വളർച്ച 59ശതമാനം. രാജ്യത്താകെ വളർച്ച 41ശതമാനം മാത്രം. കേരളത്തിലെ സമ്പന്നരെ ലക്ഷ്യമിട്ട് ബെൻസ് പ്രവർത്തനം വ്യാപിപ്പിക്കുന്നു

New Update

കൊച്ചി: കേരളത്തിൽ മെഴ്‌സിഡെസ്-ബെൻസ് 2022ൽ 59 ശതമാനം വില്പനവളർച്ച നേടിയെന്നും ദേശീയവില്പനയുടെ 5-6 ശതമാനം കേരളത്തിലാണെന്നും മെഴ്‌സിഡെസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. ദേശീയ തലത്തിലെ വില്പന കഴിഞ്ഞവർഷം 41 ശതമാനം ഉയർന്ന് മൂന്നു ദശാബ്‌ദത്തിലെ ഏറ്റവും ഉയരമായ 15,822 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ ആദ്യ അത്യാധുനിക ഇന്റഗ്രേറ്റഡ് കാർസർവീസ് സെന്ററായ കോസ്‌റ്റൽ സ്‌റ്റാർ മാർ20 എക്‌സ് സെയിൽസ് കൊച്ചി നെട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

70 ശതമാനവും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സെന്റർ 50,000 ചതുരശ്രഅടിയിലാണ് ഒരുക്കിയിട്ടുള്ളത്. വാഹനവില്പന, സർവീസ്, വാഹനഭാഗങ്ങൾ, യൂസ്ഡ് കാർവില്പന, ആഡംബര ഇ.വി തുടങ്ങിയവയെ ഒരുകൂടക്കീഴിലാക്കുകയാണ് സെന്ററിൽ. ഒരേസമയം രണ്ട് ഇ-കാറുകൾ അതിവേഗം ചാർജ് ചെയ്യാവുന്ന 180 കെ.വി സൗകര്യങ്ങൾ പ്രത്യേകതയാണ്. വൈകാതെ തിരുവനന്തപുരത്തും സെന്റർ തുറക്കുമെന്ന് കോസ്‌റ്റൽ സ്‌റ്റാർ എം.ഡിയും സി.ഇ.ഒയുമായ തോമസ് അലക്‌സ് പറഞ്ഞു.

മെഴ്സിഡെസ്-ബെൻസിന്റെ ഇന്ത്യാ മേധാവിയാകുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് തൃശൂർ അത്താണിക്കാരനായ സന്തോഷ് അയ്യർ. ജനിച്ചത് തൃശൂരാണെങ്കിലും വളർന്നതും പഠിച്ചതും മുംബയിൽ. ഇപ്പോൾ പൂനെയിൽ താമസിക്കുന്നു. 2009ൽ മെഴ്‌സിഡെസിൽ എത്തിയ അയ്യർ 2016ൽ വൈസ് പ്രസിഡന്റായി. തുടർന്ന്, മാർട്ടിൻ ഷ്വെങ്ക് സ്ഥലംമാറിയപ്പോയ ഒഴിവിൽ കഴിഞ്ഞവർഷം എം.ഡിയായി നിയമിതനായി. ഇലക്‌ട്രിക് വാഹനങ്ങളുടെ അതിവേഗ വില്പന ഉൾപ്പെടെ ഒട്ടേറെ വിജയലക്ഷ്യങ്ങളാണ് തനിക്ക് മുമ്പിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിൽ ബെൻസിന്റെ വിൽപ്പന കുതിച്ചുയരുന്നതായി സർക്കാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ബജറ്റിന് മുന്നോടിയായി കേരളം ദരിദ്രമായ ഒരു സംസ്ഥാനമല്ലെന്ന് സ്ഥാപിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബെൻസിനെയാണ് കൂട്ടുപിടിച്ചത്. ഒമാനിലെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment