Advertisment

സർക്കാരിന് ഇതെന്തുപറ്റി? ജപ്തിക്കു പോലും നടപടിക്രമങ്ങൾ പാലിക്കാനാവുന്നില്ലേ. പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ നഷ്ടമീടാക്കാൻ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും ജപ്തി ചെയ്തു. തിരക്കിൽ പറ്റിപ്പോയതെന്ന് ഹൈക്കോടതിയിൽ മാപ്പ്. തിരിച്ചുകൊടുക്കാൻ ഹൈക്കോടതി !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെത്തുടർന്നുണ്ടായ അക്രമങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ നടത്തിയ ജപ്തിയിൽ പിശകു സംഭവിച്ചെന്നും സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും തെറ്റായി ജപ്തി ചെയ്‌തിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

Advertisment

publive-image


തുടർന്ന് തെറ്റായി ജപ്തി ചെയ്ത സ്വത്തുക്കൾ തിരിച്ചു നൽകാനും ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവുകൾ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയല്ലെന്നും ജപ്തി നിയമവിരുദ്ധമാണെന്നും കാണിച്ച് 18 പേർ നൽകിയ പരാതി ജില്ലാ പൊലീസ് മേധാവികൾ അന്വേഷിച്ചു വരികയാണെന്ന് സർക്കാർ വിശദീകരിച്ചു.


2022 സെപ്തംബർ 23 ലെ മിന്നൽ ഹർത്താലിലുണ്ടായ അക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ ഉത്തരവു നൽകിയത്.

നാശനഷ്ടങ്ങൾ സംബന്ധിച്ച ക്ളെയിമുകൾ പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിക്കാൻ ഹൈക്കോടതി നിയോഗിച്ച ക്ളെയിം കമ്മിഷണർക്ക് വ്യക്തികളെയും സാക്ഷികളെയും വിളിച്ചു വരുത്താനും രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കാനും സിവിൽ കോടതിയുടെ അധികാരമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. മുൻ ജുഡിഷ്യൽ ഓഫീസറായ പി. ഡി ശാരംഗധരനാണ് ക്ളെയിം കമ്മിഷണർ. ക്ളെയിം കമ്മിഷണർക്ക് എറണാകുളം റവന്യൂ ടവറിൽ ഓഫീസ് ഒരുക്കുന്നുണ്ടെന്നും ഇതു പൂർത്തിയാകുന്നതുവരെ പി.ഡബ്‌ള്യു.ഡി റെസ്റ്റ് ഹൗസിൽ മുറി നൽകാമെന്നും സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ ഓഫീസ് പ്രവർത്തിക്കാനുള്ള സൗകര്യം ഇവിടില്ലെന്നും റവന്യു ടവറിലെ ഓഫീസ് സജ്ജമാകുന്നതുവരെ ഹൈക്കോർട്ട് ചേംബർ കോംപ്ളക്സിലെ തന്റെ ചേംബറിൽ ഓഫീസ് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ശാരംഗധരൻ അഭ്യർത്ഥിച്ചു. ഇതു കണക്കിലെടുത്ത ഡിവിഷൻ ബെഞ്ച് ക്ളെയിം കമ്മിഷണർക്ക് സർക്കാർ അനുവദിക്കുന്ന ജീവനക്കാരടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹത്തിന്റെ താത്കാലിക ഓഫീസിൽ ലഭ്യമാക്കണമെന്നും റവന്യു ടവറിൽ ഓഫീസിന്റെ നിർമ്മാണം ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. കളക്ടർ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായിരുന്നു. ഹർജി ഫെബ്രുവരി 20 നു വീണ്ടും പരിഗണിക്കും.

5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ തിരക്കിട്ട് ജപ്തി പൂർത്തിയാക്കേണ്ടി വന്നതിനാൽ തെറ്റുകൾ സംഭവിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്യാൻ നടപടികൾ സ്വീകരിച്ചത്. എന്നാൽ പേരുകളിലും മേൽവിലാസത്തിലും സർവേ നമ്പരുകളിലുമുള്ള സാമ്യം നിമിത്തം സംഘടനയുമായി ബന്ധമില്ലാത്ത ചിലരുടെ സ്വത്തുക്കളും ജപ്തി ചെയ്തു.

publive-image


ഇതു ശ്രദ്ധയിൽ പെട്ടതോടെ തെറ്റായി നടപടി സ്വീകരിച്ചവയിൽ തുടർ നടപടി നിറുത്തിവെക്കാൻ ലാൻഡ് റവന്യു കമ്മിഷണർക്കും ഡി.ജി.പിക്കും നിർദ്ദേശം നൽകി. 209 പേരുടെ സ്വത്തുക്കളുടെ വിവരങ്ങളാണ് ജില്ലാ കളക്ടർമാർക്ക് നൽകിയത്. ഇതിൽ 177 സ്വത്തുക്കളുടെ മൂല്യ നിർണയം പൂർത്തിയാക്കി.


ജപ്തി നടപടിയിൽ തെറ്റുണ്ടെന്ന് കണ്ടതിനാൽ ബാക്കി മൂല്യ നിർണയം പൂർത്തിയാക്കിയിട്ടില്ല. എറണാകുളം റവന്യു ടവറിൽ ക്ളെയിം കമ്മിഷണറുടെ ഓഫീസിനായി 6.05 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അഡി.സെക്രട്ടറി ഡി. സരിതയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

Advertisment