നിരപരാധി; മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിർമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി കെ.വിദ്യ; വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ്

New Update

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച രഹസ്യമായാണു ജാമ്യാപേക്ഷ നൽകിയത്.

Advertisment

publive-image

വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് അഗളി പൊലീസ് പറയുന്നത്.

ജോലി നേടാനായി വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ നീലേശ്വരം പൊലീസും അഗളി പൊലീസും പരിശോധന നടത്തിയിരുന്നു.

Advertisment