കൊച്ചി: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹളമുണ്ടാക്കിയ മലയാളി അറസ്റ്റില്‍. അബുദാബി- കൊച്ചി വിമാനത്തിലാണ് 51കാരനായ ജിസാന്‍ ജേക്കബ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം പ്രതിയെ പിടികൂടി. എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.
'പ്രതി മദ്യലഹരിയിലാണെന്ന് സംശയിക്കുന്നു. ചില സഹയാത്രക്കാരുമായും ക്രൂ അംഗങ്ങളുമായും ചെറിയ പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു,' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേരള പോലീസ് ആക്ട് സെക്ഷന്‍ 118 (എ) പ്രകാരം ജേക്കബിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമോ അപകീര്‍ത്തികരമോ ആയ ഏതെങ്കിലും കാര്യം ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള ശിക്ഷയാണ് സെക്ഷന്‍ 118 (എ) പറയുന്നത്.