തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. അടുത്തയാഴ്ചയാണ് കോടിയേരിയുടെ യാത്ര. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല.
/sathyam/media/post_attachments/wZj36Fd5CECfYBTodqiq.jpg)
ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. മടങ്ങി വരുന്ന തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോൾ കോടിയേരിയും അമേരിക്കയിലേക്ക് പുറപ്പെടും. രണ്ടാഴ്ചത്തെ തുടർ ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്.
ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നത്. കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്.