കൊഹിമ: ചരിത്രത്തിലാദ്യമായി നാഗാലാന്‍ഡ് നിയമസഭയിലേക്ക് വനിതാ എംഎല്‍എമാർ. എൻഡിപിപിക്കുവേണ്ടി ദിമാപുർ–III യിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്‌റ്റേണ്‍ അംഗാമിയിൽനിന്നു ജനവിധി തേടിയ സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് തിളക്കമാർന്ന വിജയത്തോടെ ചരിത്രം കുറിച്ചത്.
154 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 14,395 വോട്ടാണ് ജഖാലു നേടിയത് (45.16%). രണ്ടാമത് എത്തിയത് ലോക് ജനശക്തി പാർട്ടി (രാം വിലാസ്)ക്കു വേണ്ടി മത്സരിച്ച അഷെതോ ഷിമോമിയാണ് (12,859 വോട്ട്– 40.34%). അതേസമയം സല്‍ഹൗതുവോനുവോയുടെ വിജയം തലനാരിഴയ്ക്കായിരുന്നു. അവർ 6,956 വോട്ട് (49.87%) വോട്ട് നേടിയപ്പോൾ മുഖ്യ എതിരാളിയും മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയുമായ കെനീഷാഖോ നഖ്‌റോ (ഐഎൻഡി) 6,915 വോട്ടുമായി (49.57%) തൊട്ടുപിന്നിലെത്തി.
യുവത്വമാണ് വലിയ സമ്പത്തെന്നു വിശ്വസിക്കുന്ന ഹെകാനി ജഖാലു, 17 വർഷമായി യുവാക്കളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നയാളാണ്. ‘നാഗാലാൻഡ് പുരോഗമിക്കണമെങ്കിൽ ആദ്യം നമ്മുടെ യുവാക്കളെ അതിനു പ്രാപ്തരാക്കണം’ എന്നാണ് അവർ പറയുന്നത്. സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രരാകാനും യുവജനതയ്ക്ക് കഴിയുമെങ്കിൽ അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് ജഖാലു വിശ്വസിക്കുന്നു. ന്യൂനപക്ഷത്തിന്റെ ഉന്നമനം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയായിരുന്നു ജഖാലുവിന്റെ പ്രചാരണം.
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയായിരുന്നു പ്രകടനപത്രികയിൽ പറഞ്ഞത്. 24 വർഷമായി വിവിധ എൻജിഒകളിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ് സൽഹൗതുവോനുവോ. അന്തരിച്ച എന്‍ഡിപിപി നേതാവ് കെവിശേഖോ ക്രൂസിന്റെ ഭാര്യയാണ്. 2018 ൽ ഇതേസീറ്റിലാണ് കെവിശേഖോ മത്സരിച്ചത്.