പന്ത് ‘പന്ത്’ കൈവിട്ടപ്പോള്‍ ‘സഞ്ജു സഞ്ജു’ വിളിച്ച കാണികളോട് കയര്‍ത്ത് വിരാട് കോലി

ഉല്ലാസ് ചന്ദ്രൻ
Monday, December 9, 2019

തിരുവനന്തപുരത്ത് നടന്ന വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പരിഹസിച്ചതിനെച്ചൊല്ലി തിരുവനന്തപുരത്തെ കാണികളോട് കയര്‍ത്ത് ക്യാപ്റ്റന്‍ വിരാട് കോലി.

പന്ത് ക്യാച്ച് കൈവിട്ടപ്പോള്‍ ‘സഞ്ജു, സഞ്ജു’ എന്ന് ആരാധകര്‍ ആര്‍ത്തുവിളിച്ചതാണ് കോലിയെ പ്രകോപിപ്പിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി രോഷാകുലനായി ആരാധകരോട് ‘ഇതെന്താണ്’ എന്ന രീതിയില്‍ ആംഗ്യം കാട്ടിയിരുന്നു. പന്ത് കളത്തില്‍ പിഴവുകള്‍ വരുത്തുമ്പോള്‍ പരിഹസിക്കരുതെന്ന് കഴിഞ്ഞ ദിവസം കോലി ആവശ്യപ്പെട്ടിരുന്നു.

 

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാമത്തെ ഓവറിലാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടത്. ലെന്‍ഡ്ല്‍ സിമ്മണ്‍സ് നല്‍കിയ അവസരം പാഴാക്കി വാഷിങ്ടണ്‍ സുന്ദറാണ് ‘കൈവിട്ട കളി’ക്ക് തുടക്കമിട്ടത്. പിന്നാലെ ഇതേ ഓവറില്‍ എവിന്‍ ലൂയിസ് നല്‍കിയ അവസരം ഋഷഭ് പന്തും കൈവിട്ടു. ഇതോടെ രോഷാകുലരായ ആരാധകര്‍ ഒന്നടങ്കം ‘സഞ്ജു, സഞ്ജു’ എന്നാര്‍ത്തുവിളിച്ചു. ചില ഭാഗങ്ങളില്‍നിന്ന് ‘ധോണി, ധോണി’ വിളികളും മുഴങ്ങി. ഇതോടെയാണ് ആരാധകരെ നോക്കി ‘ഇതെന്താണ്’ എന്ന് ദേഷ്യത്തോടെ വിരാട് കോലി ആംഗ്യം കാട്ടിയത്.

മലയാളി താരംസഞ്ജു സാംസണെ കളിപ്പിക്കാത്തതിന്റെ കലിപ്പാണ് ‘സഞ്ജു, സഞ്ജു’ വിളിയിലൂടെ ആരാധകര്‍ തീര്‍ത്തത്. ഇതിനിടെ, ആരാധകരെ തിരുത്താന്‍ ശ്രമിച്ച വിരാട് കോലിക്കെതിരെ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു.

×