തൊടുപുഴ കോലാനി - വെങ്ങല്ലൂര്‍ ബൈപാസ്സില്‍ വാഹനാപകടം നിത്യസംഭവമാകുന്നു. 18 വയസ്സില്‍ താഴെയുള്ള ലൈസന്‍സില്ലാത്ത കുട്ടികളുടെ ഡ്രൈവിംഗും ദുസഹം !

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ : കോലാനി - വെങ്ങല്ലൂര്‍ ബൈപാസ്സില്‍ വാഹനാപകടം നിത്യസംഭവമാകുന്നു. അമിതവേഗതയാണ്‌ പ്രധാനകാരണം.

Advertisment

രാവിലെ 10 മുതല്‍ 12 മണി വരെ പോലീസ്‌ വാഹനപരിശോധന നടത്തുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്‌ക്കുവാന്‍ സാധിക്കുന്നില്ല. ബൈപാസ്സില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്‌ സമീപമുള്ള കടകളില്‍ തമ്പടിക്കുന്ന വിദ്യാര്‍ത്ഥികളാണ്‌ അപകടകരമാം വിധം വാഹനങ്ങള്‍ ഓടിച്ച്‌ യാത്രക്കാര്‍ക്ക്‌ ഭീഷണി സൃഷ്‌ടിക്കുന്നത്‌.

വൈകുന്നേരങ്ങളില്‍ ഏഴു മണിക്ക്‌ ശേഷം ഈ റോഡിലൂടെ വലിയ ശബ്‌ദത്തിലുള്ള സൈലന്‍സറുകള്‍ പിടിപ്പിച്ച വാഹനങ്ങളുപയോഗിച്ച്‌ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്‌ നിത്യകാഴ്‌ചയാണ്‌. ഇവരില്‍ പലരും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷമാണ്‌ ഇത്തരം പ്രകടനത്തിന്‌ മുതിരുന്നത്‌.

18 വയസ്സില്‍ താഴെയുള്ള വാഹനമോടിക്കുന്നതിനുള്ള ലൈസന്‍സ്‌ ലഭിക്കാത്ത വിദ്യാര്‍ത്ഥികളും അമിതവേഗത്തില്‍ ഈ റോഡിലൂടെ പോകുന്നത്‌ കാണാന്‍ സാധിക്കും. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക്‌ വാഹനങ്ങള്‍ കൊടുത്തുവിടുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ മാഹാത്മ്യം പൊതുജനങ്ങള്‍ കാണട്ടെ എന്ന ചിന്തയാണോ ഇവരെ നയിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും ഇത്തരം അപകടങ്ങളില്‍ പരിക്ക്‌ പറ്റുന്നത്‌ ഇതിലൊന്നും പെടാത്ത സാധാരണക്കാര്‍ക്കാണ്‌. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന നടക്കുമ്പോഴാണ്‌ ഇത്തരം വാഹനങ്ങള്‍ ചീറിപ്പായുന്നത്‌. പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.

അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ പിടിക്കുന്നതിന്‌ യാതൊരു മാര്‍ഗ്ഗവും തങ്ങള്‍ക്കില്ലെന്നും നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു വച്ചാണ്‌ ഇത്തരക്കാര്‍ വാഹനമോടിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവര്‍ വൈകുന്നേരങ്ങളില്‍ അമിതഭാരവുമായെത്തുന്ന തടിലോറുകള്‍ക്ക്‌ പിഴ ഈടാക്കുന്നതിനു മാത്രമായാണ്‌ ഈ റോഡില്‍ പരിശോധന നടത്തുന്നത്‌. വേറൊരു വാഹനവും യാതൊരുവിധ പരിശോധനയ്‌ക്കും ഇവര്‍ വിധേയമാക്കുന്നില്ല. വൈകുന്നേരങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന നടത്തണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Advertisment