വീട്ടിലെത്തിയ അജ്ഞാത സംഘം 73കാരനെ കഴുത്തറുത്ത ശേഷം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; 2 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 17, 2021

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

അയൂബ് ഫിഡ അലി അഗ എന്നയാളാണ് മരിച്ചത്. ഇയാള്‍ നഗരത്തിലെ പ്രമുഖ ഹാര്‍ഡ് വെയര്‍ ഷോപ്പിന്റെ ഉടമയാണ്. വാതില്‍ പുറത്തുനിന്ന് പൂട്ടിയത് മരുമകളുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

മകള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവദിവസം പത്തുമണിയോടെ മകള്‍ ജോലിക്ക് പോയി. ഇയാളുടെ മരുമകളും തൊട്ടടുത്തെ ഫ്‌ലാറ്റിലാണ് താമസം. അവര്‍ ഫ്‌ലാറ്റിലേക്ക് വന്നപ്പോള്‍ പുറത്തുനിന്നും വയോധികന്റെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊലപാതകി സംഘം വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നതായും  കുടുംബം ആരോപിക്കുന്നു.

കൊലനടത്തിയത് വളരെ ആസൂത്രിതമായാണെന്നും പരിചയക്കാരായവരാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.

×