ഇടിത്തീപോലെ ദുരന്തമെത്തിയത് ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ജനം ഭീതിയോടെ മുൻകരുതൽ എടുക്കുന്നതിനിടയിൽ; വിധി മക്കളുടെ ജീവൻ തട്ടിയെടുത്തത് അമ്മയുടെ അടുത്ത് എത്തുന്നതിന് ഏകദേശം 50 മീറ്റർ അകലെ

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, December 3, 2020

തെന്മല: വാഹനാപകടത്തിൽ സഹോദരിമാരും അടുത്ത കൂട്ടുകാരിയായ അയൽവാസിയും മരണമടഞ്ഞ സംഭവം കിഴക്കൻ മേഖലയെ ദുഃഖത്തിലാഴ്ത്തി. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ജനം ഭീതിയോടെ മുൻകരുതൽ എടുക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ദുരന്തമെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്തുവച്ച് അപകടവാർത്ത അറിഞ്ഞ ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്സിന് മക്കൾ നഷ്ടപ്പെട്ടെന്ന വിവരം വിശ്വസിക്കാനായിട്ടില്ല.

ശ്രുതിയുടെ മരണം മാത്രമേ രാത്രി വൈകിയും അലക്സിനെ അറിയിച്ചിട്ടുള്ളൂ. ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടം അറിഞ്ഞയുടനെ വീട്ടിലെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അലക്സിനെ ആശ്വസിപ്പിക്കുവാൻ പാടുപെടുകയാണ്. മാതാവ് സിന്ധു ബോധരഹിതയായതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കെസിയയുടെ പിതാവ് കുഞ്ഞുമോനെയും മകളുടെ മരണം തീർത്തും തളർത്തി. കുറവൻതാവളത്ത് ലോഡിങ് ജോലിക്കിടെയാണ് കുഞ്ഞുമോൻ അപകട വിവരം അറിയുന്നത്. മോൾക്ക് അപകടം നടന്നെന്നു മാത്രമാണ് അറിഞ്ഞത്. വീട്ടിലെത്തിയപ്പോഴാണ് മരണമറിയുന്നത്. കുഞ്ഞുമോന്റെ ഭാര്യ സുജ വിദേശത്തുനിന്ന് നാട്ടിലേക്കെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

മക്കൾ ഉറുകുന്നിലെ ചായക്കടയിലേക്ക് എത്തുമെന്ന് അറിഞ്ഞ് കാത്തിരുന്ന മാതാവ് സിന്ധുവിനെ തേടിയെത്തിയത് രണ്ടു മക്കളുടെ മരണവാർത്ത. അമ്മയുടെ അടുത്ത് എത്തുന്നതിന് ഏകദേശം 50 മീറ്റർ അകലെയാണ് വിധി മക്കളുടെ ജീവൻ തട്ടിയെടുത്തത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ശാലിനിയെയും ശ്രുതിയെയും പുനലൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു.

ചെറിയ പരുക്കുമാത്രമെയുള്ളുവെന്നാണ് നാട്ടുകാർ സിന്ധുവിനെ അറിയിച്ചത്. ഇതിനിടെ സിന്ധു കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയുമെത്തി. ഉടൻതന്നെ ബോധരഹിതയായ സിന്ധുവിനെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി.

ഇവരോടൊപ്പം കടയിലുണ്ടായിരുന്ന ജയാരാജീവ് അപകട സ്ഥലത്തെത്തിയപ്പോഴേക്കും കെസിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുകയായിരുന്നു. ജയയും ആശുപത്രിയിലേക്ക് കൂടെ പോയെങ്കിലും വഴിമധ്യേ കെസിയയുടെ ജീവൻ പൊലിയുന്നതിനും സാക്ഷിയായി.

×