കൊല്ലം ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം : നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് രാത്രി എട്ട് മണി മുതൽ രാവിലെ ആറ് മണി വരെ

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, May 30, 2020

കൊല്ലം: ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി എട്ട് മണി മുതൽ രാവിലെ ആറ് മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കു വാഹനങ്ങളിലും മറ്റും ആളുകൾ അതിർത്തി കടക്കുന്നതിനാലാണ് നടപടി.

ജില്ലയിൽ രണ്ട് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുനലൂർ ഇളമ്പൽ സ്വദേശിയായ 22 കാരനാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാൾ. മെയ് 27 ന് പുലർച്ചെ എറണാകുളം സ്പെഷൽ ട്രെയിനിൽ എത്തിയ ഈ യുവാവിന് ബോധക്ഷയം സംഭവിച്ചിരുന്നു.

തുടർന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സാമ്പിൾ ശേഖരിച്ചു. പിന്നീട് വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിചരണത്തിലാണ്.

കുവൈറ്റിൽ നിന്നും തിരികെയെത്തിയ അഞ്ചൽ സ്വദേശിയായ 48കാരിയാണ് രണ്ടാമത്തെയാൾ. എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ നിലവിൽ 25 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

×