യഥാര്‍ത്ഥ ഉടമ കാറില്‍ പിന്തുടര്‍ന്ന് വരുന്നതറിയാതെ മോഷ്ടിച്ച ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി; കുട്ടിക്കള്ളന്മാര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ നാട്ടുകാരുടെ തല്ല് മുഴുവന്‍ കിട്ടിയത് നിരപരാധിയായ യുവാവിന്‌

New Update

കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് കരുതി പിടികൂടിയ യുവാവിനെ ഒരുസംഘം തല്ലിച്ചതച്ചു. കൊല്ലം കൊട്ടിയത്താണ് സംഭവം. മൈലാപ്പൂര് സ്വദേശി ഷംനാദിനാണ് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisment

publive-image

മോഷ്ടിച്ച ബൈക്കാണെന്ന് അറിയാതെ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ഷംനാദ്. മറ്റ് രണ്ടുപേർക്കൊപ്പം സഞ്ചരിക്കവേ ബൈക്കുടമ കാറിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രായപൂർത്തിയാകാത്തവരായിരുന്നു ബൈക്ക് മോഷ്ടിച്ചവർ.

എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്ന ഷംനാദിനെ ബൈക്കുടമയും സ്ഥലത്തുണ്ടായിരുന്ന ഏഴോളംപേരും ചേർന്ന് മർദിച്ചു. മർദനത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടി അടുത്തുള്ള വീടിൻറെ ശൗചാലയത്തിൽ ഒളിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി വീണ്ടും മർദിച്ചു. പിന്നീട് കൊട്ടിയം പൊലീസിന് കൈമാറി.

ബൈക്ക് മോഷണം പോയതിന് പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനാൽ ഇവരെ പാരിപ്പള്ളി പൊലീസിന് കൈമാറി. ബൈക്കിൽ മൈലക്കാട് നിന്ന് ലിഫ്റ്റ് ചോദിച്ചു കയറി എന്നാണ് ഷംനാദ് പൊലീസിനോടു പറഞ്ഞത്. അതോടെ പാരിപ്പള്ളി പൊലീസ് ഇയാളെ വിട്ടയച്ചു. മർദിച്ചവർക്കെതിരേ ഷംനാദ് കൊട്ടിയം പൊലീസിൽ പരാതിനൽകി. കുതിരയെ പരിപാലിക്കുന്നയാളാണ് ഷംനാദ്.

കാറിൽ വരുമ്പോൾ രണ്ടുദിവസം മുൻപ്‌ മോഷണംപോയ ബൈക്ക് പോകുന്നതുകണ്ട് ഉടമ ഇവരെ പിന്തുടരുകയായിരുന്നു. മൈലക്കാട് കാറ്റാടിമുക്കിൽ വെച്ച് ബൈക്കിനെ തട്ടിവീഴ്ത്തിയശേഷം ആളുകളെക്കൂട്ടി യാത്രികരെ പിടികൂടുകയായിരുന്നു. മർദനത്തിനു നേതൃത്വം നൽകിയയാളെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

bike robbery
Advertisment