കൊല്ലത്ത് വ്യാജ നാഡിവൈദ്യന്‍ നല്‍കിയ മരുന്നില്‍ വിഷം; നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ നൂറോളംപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി

New Update

കൊല്ലം : വ്യാജവൈദ്യന്‍ നല്‍കിയ മരുന്നു കഴിച്ച്‌ നിരവധിപേര്‍ ചികിത്സതേടി. അഞ്ചലിനടുത്ത് ഏരൂര്‍ പത്തടിയിലാണ് സംഭവം. മരുന്നു കഴിച്ച നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ നൂറോളംപേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരിക്കുന്നത്.

Advertisment

publive-image

പത്തടി റഹിം മന്‍സിലില്‍ ഉബൈദിന്റെ മകന്‍ മുഹമ്മദ് അലി തിരുവനന്തപുരം ശിശുരോഗാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധിപേര്‍ക്ക് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്.

മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന്‍ ചികിത്സിച്ചുഭേദമാക്കാമെന്നു വിശ്വസിപ്പിച്ചാണ് വ്യാജവൈദ്യന്‍ മരുന്നു നല്‍കിയത്. പത്തുദിവസത്തോളം മരുന്നു കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ശിശുരോഗാശുപത്രിയിലേക്കു മാറ്റിയത്.

കുട്ടി കഴിച്ച മരുന്നില്‍ സംശയം തോന്നിയ ഡോക്ടര്‍ വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ പരിശോധനയ്ക്കയച്ചു. പരിശോധനയില്‍ അനുവദനീയമായ അളവിന്റെ 20 മടങ്ങിലധികം മെര്‍ക്കുറി മരുന്നുകളില്‍ അടങ്ങിയതായി കണ്ടെത്തി.

വിവിധ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച്‌ വ്യാജ നാഡിവൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നാണ് നല്‍കിയത്. തെലങ്കാന സ്വദേശി ലക്ഷമണ്‍ രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്നു നല്‍കിയത്. മരുന്നു കഴിച്ചവര്‍ക്കെല്ലാം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് അനുഭവപ്പെടുന്നത്. ഇയാള്‍ മരുന്നു നല്‍കുന്നതിനായി 5,000 രൂപമുതല്‍ 20,000 രൂപവരെ വാങ്ങി. 12 ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ ഇവിടെ വിറ്റതായി നാട്ടുകാര്‍ പറയുന്നു.

സംഭവം പുറത്തായതോടെ വൈദ്യന്‍ മുങ്ങിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഏരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

kollam fake doctor
Advertisment