മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ കടലിലേക്ക് ! വലയിടാന്‍ കടലിലിറങ്ങി. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ നീന്തിത്തുടിച്ച് രാഹുല്‍. രാഹുലിന്റെ വരവ് സൃഷ്ടിച്ച ഓളം തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാനൊരുങ്ങി യുഡിഎഫ്

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, February 24, 2021

കൊല്ലം: മത്സ്യത്തൊഴിലാളികളുമായി നേരിട്ട് സംവദിച്ചും ഒപ്പം കടൽയാത്ര നടത്തിയും രാഹുൽ ഗാന്ധി. മത്സ്യബന്ധന ബോട്ടിൽ ഒരു മണിക്കൂറിലേറെ ചിലവഴിച്ച രാഹുൽ ഗാന്ധി അവർക്കൊപ്പം കടലിലും ചാടി. മത്സ്യത്തൊഴിലാളികൾക്കായി യുഡിഎഫ് പ്രത്യേക പ്രകടനപത്രിക തയ്യാറാക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

മത്സ്യത്തൊഴിലാളികളുമായി നേരിട്ട് സംവദിക്കാനാണ് രാഹുൽ ഗാന്ധി കൊല്ലത്തെത്തിയത്. എന്നാൽ സംവാദവേദിയിൽ എത്തും മുമ്പ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുവാൻ അവർക്കൊപ്പം രാഹുൽ ഗാന്ധി കടൽ യാത്ര നടത്തി. കടൽ യാത്രയ്ക്കിടെ മനസിലാക്കിയ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ ഓരോന്നായി രാഹുൽ എണ്ണി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി സംവദിച്ച രാഹുൽ ഗാന്ധി അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ചോദ്യങ്ങൾ ചോദിക്കാൻ കഴിയാത്തവർ നിർദേങ്ങൾ പേപ്പറിൽ എഴുതി കൊല്ലം ഡിസിസിയിൽ നൽകാനും നിർദേശിച്ചാണ് രാഹുൽ മടങ്ങിയത്.

നിർദ്ദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും രാഹുൽ ഉറപ്പു നൽകി. തീരദേശ ജനതയ്ക്കായി ഡൽഹിയിൽ പ്രത്യേക മന്ത്രാലയത്തിന് ശ്രമം നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയാണ് രാഹുലിന്റെ സന്ദർശനത്തോടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. തീരമേഖലയിൽ രാഹുലിന്റെ വരവ് സൃഷ്ടിച്ച ഓളം തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ യുഡിഎഫ് ഇപ്പോഴേ ശ്രമം തുടങ്ങിക്കഴിഞ്ഞു.

×