/sathyam/media/post_attachments/OFhwSA2cYKUVC8btcG8v.jpg)
കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച ക്രൂരയായ ആ അമ്മ ആരെന്ന് കേരളം കഴിഞ്ഞ ആറു മാസമായി തിരയുകയായിരുന്നു. ഒടുവില്‍ പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അമ്മ അറസ്റ്റിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രേഷ്മയുടെ ക്രൂരതയെന്നാണ് പൊലീസ് പറയുന്നത്.
ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് ചികിത്സയിലിരിക്കേ മരിക്കുകയും ചെയ്തു.
കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയും കുടുംബവും പറയുന്നത്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭര്‍ത്താവ് വിഷ്ണുവില്‍ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗര്‍ഭം ധരിച്ചത്. എന്നാല്‍ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവടക്കം വീട്ടുകാര്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിര്‍ദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലര്‍ച്ചെ വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച ശേഷം മടങ്ങി. കുടുംബം പോലും അറിയാതെയാണ് സംഭവം.