വിദേശത്തു ജോലി വാഗ്ദാനം ചെയ്തു വ്യാജ വീസയും വിമാന ടിക്കറ്റും നൽകി പണം തട്ടിപ്പ്‌ ; യുവാവ് അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, December 7, 2019

കൊട്ടിയം : വിദേശത്തു ജോലി വാഗ്ദാനം ചെയ്തു വ്യാജ വീസയും വിമാന ടിക്കറ്റും നൽകി പണം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം വിതുര തള്ളച്ചിറ പേരമൂട്ടിൽ സജിയെയാണ്(43) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറഞ്ഞത്.

അറസ്റ്റിലായ സജി ഖത്തറിലെ തൈസീർ സെക്യൂരിറ്റി ഫോഴ്സിലെ ജീവനക്കാരനായിരുന്നു. ഈ കമ്പനിയിൽ‌ ജോലിക്കാരെ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നും പണം തട്ടിയത്.

ആവശ്യക്കാരുമായി നേരിട്ടു ബന്ധപ്പെട്ട ശേഷം കമ്പനിയുടെ വിശദമായ കാര്യങ്ങളും ജോലി സ്വഭാവവും ഒക്കെ ഇയാൾ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതേ കമ്പനിയിൽ ജീവനക്കാരനാണെന്നുള്ള തെളിവു സജി കാണിച്ചതോടെ പലരും കെണിയിൽപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ ഒട്ടേറെ പേരിൽ നിന്നും പണം കൈപ്പറ്റി.

വട്ടപ്പാറയിലുള്ള ബാങ്കിൽ സജിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഉദ്യോഗാർഥികൾ പണം കൈമാറിയിരുന്നത്. പണം നൽകിയവർ വീസ ആവശ്യപ്പെടുമ്പോൾ വ്യാജ വീസയും വിമാന ടിക്കറ്റും അയച്ചു കൊടുക്കുന്നതാണു സജിയുടെ രീതി.

വിതുര, കഴക്കൂട്ടം, വിഴിഞ്ഞം സ്റ്റേഷനുകളിലും സജിക്കെതിരെ കേസുകൾ ഉണ്ട്. പരാതിക്കാർക്ക് കുറച്ചു തുക നൽകി ഒത്തു തീർപ്പാക്കുന്ന തരത്തിലേക്കു കാര്യങ്ങൾ നീക്കിയ ശേഷം മുങ്ങുന്നതാണ് രീതി. പണം നൽകിയ കൊട്ടിയം സ്വദേശികളായ 3 പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇവരിൽ നിന്നും 40,000 രൂപ വീതമാണ് സജി വാങ്ങിയത്.‍ വിദേശത്തും നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ സജിയെ കൊട്ടിയം എസ്ഐ തൃദീപ് ചന്ദ്രൻ, എഎസ്ഐ ഗോപകുമാർ, ഫിറോസ് എന്നിവരാണ് അറസ്റ്റു ചെയ്തത്.

×