ജോലി വാ​ഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, മൂന്നു ദിവസം വീടിനുള്ളിൽ പൂട്ടിയിട്ട് പീഡനം, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു, വീട്ടമ്മ ​ഗുരുതരാവസ്ഥയിൽ

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, May 14, 2021

കൊല്ലം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദിവസങ്ങളോളം വീടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. കൊല്ലം ചടയമം​ഗലത്താണ് സംഭവം. പീഡനം സഹിക്കാനാവാതെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ​ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സംഭവത്തിൽ ചടയമംഗലം മേയില്‍ സ്വദേശി അജി അറസ്റ്റിലായി.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിക്കു നേരെയായിരുന്നു അജിയുടെ ആക്രമണം. വിദേശത്തേക്കുളള വിസയുടെ കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് അജി ഈ മാസം ഒമ്പതിന് വീട്ടമ്മയെ തന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നാണ് മൂന്നു ദിവസം വീടിനുളളില്‍ പൂട്ടിയിടുകയും പീഡിപ്പിക്കുകയുമായിരുന്നു.

മൂന്നു ദിവസത്തിനു ശേഷം അജിയുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നതിനിടെ വീട്ടമ്മയുടെ തലയില്‍ പ്രതി ചുറ്റിക കൊണ്ടടിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലാക്കിയതും പൊലീസില്‍ വിവരമറിയിച്ചതും.

തുടര്‍ന്ന് പൊലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അജി ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.  വധശ്രമക്കേസിലടക്കം പ്രതിയാണ് പിടിയിലായ അജി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

×