കുടുംബ കലഹം; ഗൃഹനാഥനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭാര്യയും മരുമകനും അയല്‍വാസിയും ചേര്‍ന്ന്‌, രണ്ട് പേര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, December 3, 2020

ശാസ്താംകോട്ട: കുടുംബ കലഹത്തിന്റെ പേരിൽ ഭാര്യയും മരുമകനും അയൽവാസിയും ചേർന്നു ക്വട്ടേഷൻ നൽകി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ കൂടി പൊലീസ് പിടിയിലായി. ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിള വീട്ടിൽ സുരേന്ദ്രനെ (60)യാണ് രാത്രി‌ വീട്ടിൽ നിന്നും വിളിച്ചിറക്കി കനാലിന്റെ ഭാഗത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. മേയിലായിരുന്നു സംഭവം.

ക്വട്ടേഷൻ സംഘാംഗങ്ങളായ കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ തടത്തിവിളയിൽ ഹരിക്കുട്ടൻ (25), ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ പനന്തറ കോളനി കൈലാസത്തിൽ അനന്തു ( ചാത്തൻ– 22) എന്നിവരാണ് കഴിഞ്ഞ ദിവസം ശൂരനാട് പൊലീസിന്റെ പിടിയിലായത്.

സുരേന്ദ്രന്റെ ഭാര്യ രുക്മിണി (55), ബന്ധു സാഗർ (23), അയൽവാസി ശരത്കുമാർ (28), ക്വട്ടേഷൻ സംഘാംഗങ്ങളായ അഭിഷേക് (25), ചന്തു (23), സുബിൻ (24) എന്നിവർ ‌നേരത്തെ പിടിയിലായിരുന്നു.

പൊലീസ് പറയുന്നത്:

ഏറെ നാളായുള്ള കുടുംബ കലഹത്തിന്റെ പേരിലാണ് ഗുജറാത്തിലുള്ള മരുമകന്റെ നേതൃത്വത്തിൽ നാട്ടിലുള്ള ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് സുരേന്ദ്രനെ ആക്രമിച്ചത്. ഭാര്യ, മകൾ, അയൽവാസി എന്നിവർ ഗൂഢാലോചനയിൽ പങ്കെടുത്തു. വണ്ടി കേടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷൻ സംഘം രാത്രി സുരേന്ദ്രനെ വീട്ടിൽ നിന്നും തന്ത്രപരമായി വിളിച്ചിറക്കി കൊണ്ടുപോയത്.

ക്രൂരമായി മർദിച്ച ശേഷം കനാലിലേക്ക് എടുത്ത് എറിഞ്ഞു. വാരിയെല്ല് തകർന്ന നിലയിലായ സുരേന്ദ്രനെ ഭാര്യയും അയൽവാസിയും ചേർന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെയാണ് ഗൂഢാലോചന പുറത്ത് വന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും സുരേന്ദ്രന്റെ മകൾ, സൈനികനായ മരുമകൻ എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെ കിട്ടാനുണ്ടെന്നും ഇൻസ്പെക്ടർ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവർ പറഞ്ഞു.

×