കുഞ്ഞ് ഫര്‍ഹാനെ തേടി നാടൊട്ടുക്ക് അലയുമ്പോള്‍ വീടിനടുത്തുളള റബ്ബര്‍തോട്ടത്തില്‍ രാത്രി പെയ്ത മഴ നനഞ്ഞ് ഒന്ന് കരയുക പോലും ചെയ്യാതെ അവന്‍ എങ്ങനെ ഒറ്റയ്ക്കിരുന്നു? തട്ടിക്കൊണ്ടുപോയവര്‍ നിവൃത്തികെട്ട് ഉപേക്ഷിച്ചതാകാമെന്ന സംശയത്തില്‍ പൊലീസ്‌

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലം അഞ്ചലില്‍ ഇന്നലെ കാണാതായ രണ്ടര വയസ്സുകാരനെ ഇന്ന് കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കുഞ്ഞ് ഫര്‍ഹാനെ തേടി നാടൊട്ടുക്ക് അലയുമ്പോള്‍ വീടിനടുത്തുളള റബ്ബര്‍തോട്ടത്തില്‍ രാത്രി പെയ്ത മഴ നനഞ്ഞ് ഒന്ന് കരയുക പോലും ചെയ്യാതെ അവന്‍ എങ്ങനെ ഒറ്റയ്ക്കിരുന്നുവെന്ന സംശയത്തിലാണ് ഇപ്പോള്‍ പൊലീസ്‌.

Advertisment

publive-image

കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി കുഞ്ഞിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു നാട്ടുകാരും പൊലീസും ബന്ധുക്കളുമെല്ലാം. രാത്രി നല്ല മഴയായിരുന്നു കൊല്ലം അഞ്ചലിൽ കുഞ്ഞിന്‍റെ വീടിന്‍റെ പരിസരത്തെല്ലാം. അതിനാൽത്തന്നെ നല്ല ക്ഷീണമുണ്ട് കുഞ്ഞ് ഫർഹാന്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഫർഹാനെ കാണാതാകുന്നത്. കുഞ്ഞിന്‍റെ അമ്മ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞിനെ അച്ഛന്‍റെ അമ്മയെ ഏൽപിച്ചാണ് അമ്മ പോയത്.

കുട്ടി ഉറക്കെ കരയുന്ന ശബ്ദം കേട്ട് വീട്ടിലേക്ക് വിളിച്ച് ചോദിച്ച അമ്മ തിരികെ വീട്ടിലേക്ക് വന്നു. കുട്ടിയെ കുളിപ്പിക്കാനായി എവിടെയെന്ന് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം മനസ്സിലായത്.

ആകെ പരിഭ്രമിച്ച അമ്മ ഫാത്തിമ ബന്ധുക്കളെ വിവരമറിയിച്ചു. അവരും നാട്ടുകാരും ചേർന്ന് വീടിന് പരിസരത്തെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് പൊലീസും ഫയർ ഫോഴ്സുമടക്കമുള്ള വലിയ സംഘം തന്നെ തെരച്ചിലിനെത്തി. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തൊട്ടടുത്തുള്ള കിണറുകളിലെല്ലാം പരിശോധിച്ചു. രാത്രി 12 മണിയോടെ നല്ല മഴ പെയ്തതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ തെരച്ചിൽ വീണ്ടും തുടങ്ങി. പരിസരത്തെല്ലാം പകൽ വെളിച്ചത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ രാവിലെ ഏഴരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വലിയൊരു പറമ്പിന് നടുവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.

വീട്ടിൽ നിന്ന് ഏതാണ്ട് 500 മീറ്ററോളം ദൂരത്തുള്ള പ്രദേശത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയിരിക്കുന്നത്. ചെങ്കുത്തായ പ്രദേശമാണിത്. രാത്രി മുഴുവൻ ഈ പ്രദേശത്ത് പരിശോധിച്ചിട്ടും അവന്‍റെ കരച്ചിലൊന്നും കേട്ടില്ലെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. ഒറ്റയ്ക്ക് വന്നതാണെങ്കിൽ ഫർഹാൻ ഇത്ര ദൂരം പോകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും പൊലീസെത്തി തെരച്ചിൽ നടത്തിയതോടെ കുഞ്ഞിനെ റബ്ബർ തോട്ടത്തിലുപേക്ഷിച്ച് പോവുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ റബ്ബർ തോട്ടത്തിലടക്കം ഇന്നലെ രാത്രി പൊലീസും ഫയർഫോഴ്സും പരിശോധിച്ചതാണ്.

ഇക്കാര്യമടക്കം വിശദമായി പരിശോധിക്കുമെന്ന് തന്നെയാണ് പൊലീസ് ബന്ധുക്കളെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല.

Advertisment