കൊല്ലം: മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡിഎംഒ ഓഫിസ് ആദ്യം പുറത്തു വിട്ട റൂട്ട് മാപ്പ് തെറ്റ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
/sathyam/media/post_attachments/5MI4iVxX0UhTJlim8Lbs.jpg)
രാജ്യത്തെ ആദ്യ മങ്കിപോക്സ് കേസാണു കഴിഞ്ഞദിവസം കേരളത്തിൽ സ്ഥിരീകരിച്ചത്. ഈമാസം ഒൻപതിന് അബുദാബിയിൽനിന്നെത്തിയ കൊല്ലം ജില്ലക്കാരനാണ് രോഗി (35). തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
എന്നാൽ രോഗിയുമായി അടുത്തിടപെട്ട രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ആദ്യം എത്തിയത്. മങ്കിപോക്സ് ആണെന്നു സംശയം പറഞ്ഞതിനെത്തുടർന്നു പാരിപ്പള്ളി ആശുപത്രിയിലേക്ക് അയയ്ക്കുകയും അവിടെ പ്രവേശിപ്പിക്കുകയും ചെയ്തെന്നും നേരത്തേ അറിയിച്ചു. എന്നാൽ, പാരിപ്പള്ളിയിൽ രോഗി എത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
രോഗി ആദ്യം ആശുപത്രിയിൽ വന്ന ഓട്ടോറിക്ഷയുടെയും പിന്നീടു തീരുവനന്തപുരത്തേക്കു പോയ ടാക്സി കാറിന്റെയും ഡ്രൈവർമാരെയും കണ്ടെത്താനായിട്ടില്ല. സ്വകാര്യ ആശുപത്രി വിവരം അറിയിച്ചില്ലെന്നും അധികൃതർ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us