കൊല്ലം: ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്.
/sathyam/media/post_attachments/gtVGsgPDEriWWS1FMafg.jpg)
കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു. കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി.
തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.
ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.
മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us