തിരുവനന്തപുരം: റോഡിൽ ആൾക്കൂട്ടം കണ്ടു കാര്യം അന്വേഷിക്കാനാണ് സുധീഷ് കാർ നിർത്തിയത്. തൊട്ടുമുൻപ് കാർ മാറിക്കയറിയ ഭാര്യയും മകളും ഉൾപ്പെടെ തന്റെ പ്രിയപ്പെട്ടവരാണ് അപകടത്തിൽപെട്ടതെന്ന് അറിഞ്ഞ് തകർന്നുപോയി. അപകടത്തിൽപെട്ടതു ഭാര്യയും കുഞ്ഞും അടക്കമുള്ളവരാണെന്ന് അറിയാതെ കാറിലിരുന്നു കൊണ്ടു ഭാര്യ കൃഷ്ണഗാഥയെ ഫോണിൽ വിളിച്ചു.
/sathyam/media/post_attachments/F4ZxIFFhaxGdI88ktJIn.jpg)
ഫോൺ എടുത്തതാകട്ടെ പൊലീസ് ഉദ്യോഗസ്ഥൻ. വിവരം കേട്ട് അപകടസ്ഥലത്തു പാഞ്ഞെത്തുമ്പോൾ സുധീഷ് കണ്ടതു ഭാര്യാമാതാവ് ഷീബ ജയദേവനെ ആശുപത്രിയിലേക്കു മാറ്റുന്നതാണ്. കൃഷ്ണഗാഥയെയും ജാനകിയെയും അപ്പോഴേക്കും ആശുപത്രികളിലേക്കു മാറ്റിയിരുന്നു.
ഗുരുവായൂരിൽ നിന്നു മടങ്ങുമ്പോൾ കരുനാഗപ്പള്ളിക്കു സമീപം വരെ സുധീഷിന്റെ കാറിൽ ആയിരുന്നു ഭാര്യ കൃഷ്ണഗാഥയും മകൾ ജാനകിയും. ഭക്ഷണം കഴിച്ചു തിരിച്ചു കയറുമ്പോഴാണു കൃഷ്ണഗാഥ മകളുമായി മാതാപിതാക്കളുടെ കാറിലേക്കു മാറിക്കയറിയത്.
ജാനകിയെ രാവിലെ പ്ലേ സ്കൂളിൽ വിടുന്നതിനും കൃഷ്ണഗാഥയ്ക്ക് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുമായാണു രാത്രി തന്നെ മടങ്ങാൻ തീരുമാനിച്ചത്. മാതാപിതാക്കളെ ചാത്തന്നൂരിലെ വീട്ടിലാക്കിയ ശേഷം രാവിലെ തിരുവനന്തപുരത്തേക്കു പോകാനായിരുന്നു പ്ലാൻ.
ഭാര്യയും മകളും സഞ്ചരിച്ച കാറിന് ഏറെ പിന്നിലല്ലാതെ സുധീഷിന്റെ കാറും ഉണ്ടായിരുന്നു. കൊല്ലം ബൈപാസ് തുടങ്ങുന്ന കാവനാട് ആൽത്തറ മൂട്ടിൽ എത്തിയപ്പോഴാണ് റോഡിൽ ആൾക്കൂട്ടം കണ്ടത്. ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ പഴയ ദേശീയപാതയിലൂടെ രാമൻകുളങ്ങര വഴി പോകാമെന്നാണ് ആദ്യം കരുതിയത്. ഭാര്യയും മകളും മറ്റും സുരക്ഷിതമായി ഉണ്ടോയെന്നറിയാനായിരുന്നു ആൾക്കൂട്ടം കണ്ട ശേഷമുള്ള ആ ഫോൺ വിളി.
ഇരുവരുടെയും മരണത്തോടെ നഷ്ടമായത് നാലു തലമുറകളുള്ള കുടുംബത്തിലെ ആദ്യത്തെയും അവസാനത്തെയും കണ്ണികൾ. മുത്തശ്ശി കൃഷ്ണകുമാരിയുടെ ശാരീരിക അവസ്ഥ പരിഗണിച്ച് വേഗം കുറച്ച് പലയിടത്തും നിർത്തിയായിരുന്നു യാത്ര.
എന്നിട്ടും അപകടത്തിൽ രണ്ടു പേരുടെ ജീവൻ നഷ്ടമായതിന്റെ ദു:ഖം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കൾ. ജാനകി ജനിക്കുമ്പോൾ വിവിധ ക്ഷേത്രങ്ങളിൽ നേർച്ചകൾ നേർന്നിരുന്നു. കോവിഡ് കാരണം മുടങ്ങിയ നേർച്ചകൾ നടത്തുന്നതിനു വേണ്ടിയായിരുന്നു യാത്ര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us