മന്ത്രി എംബി രാജേഷ് അറിഞ്ഞോ .. ? താങ്കൾ ഉൾപ്പെടെ രാജ്യം മുഴുവൻ പ്രകീർത്തിക്കുകയും മാതൃകയാക്കുകയും ചെയ്ത കേരളത്തിലെ പഞ്ചായത്തീ രാജ്, അധികാര വികേന്ദ്രീകരണം മറന്ന് പഞ്ചാബിലേയും ഹിമാചൽ പ്രദേശിലേയും പഞ്ചായത്തീ രാജ് സംവിധാനം പഠിക്കാൻ മലയാളികൾ സർക്കാർ ചിലവിൽ വിമാനത്തിൽ പറക്കാൻ ഒരുങ്ങുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിലെ 20 അംഗങ്ങൾക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടിക്കാൻ അനുമതി നൽകിയത് അങ്ങയുടെ തദ്ദേശ സ്വയംഭരണ വകുപ്പുതന്നെ. യ്യോ ... നാണക്കേടുതന്നെ ഈ യാത്ര ..

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : രാജ്യത്തിനാകെ മാതൃകയായി മാറിയ കേരള മോഡൽ പഞ്ചായത്തീ രാജ് സംവിധാനത്തെ മറന്ന് പഞ്ചാബിലേയും ഹിമാചൽ പ്രദേശിലേയും പഞ്ചായത്തീ രാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കൊല്ലം ജില്ലാ പഞ്ചായത്തിലെ ഇരുപത് അംഗങ്ങൾ ഉടൻ  വിമാനത്തിൽ പറക്കും.

Advertisment

publive-image

ട്രെയിനിൽ പോയി ശാരീരിക പ്രശ്നങ്ങളുണ്ടാക്കേണ്ടെന്നും കൂടുതൽ സമയം നഷ്ടപ്പെടുത്തേണ്ടെന്നും വിലയിരുത്തി ഇഷ്ടംപോലെ പണം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ തദ്ദേശ വകുപ്പ് അനുമതി നൽകി ഉത്തരവിറക്കി.


കേരളത്തിലെ പഞ്ചായത്തീ രാജ് സംവിധാനത്തിന്റെ ശക്തനായ വക്താവും പാർലമെന്റിൽ പോലും ഇതിനെ പ്രകീർത്തിച്ചിരുന്ന നേതാവുമായ എം.ബി രാജേഷ് വകുപ്പ് മന്ത്രിയായ ശേഷമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇത്തരമൊരു ഉത്തരവിറക്കിയിരിക്കുന്നത് എന്നതാണ് കൗതുകകരം.


കൊല്ലം ജില്ലാ പഞ്ചായത്തിലെ ഇരുപത് ജനപ്രതിനിധികൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ അനുമതി നൽകിയും യാത്രയ്ക്ക് ചിലവാകുന്ന തുക തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിനും യഥേഷ്ടം അനുമതി നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഡെപ്യൂട്ടി സെക്രട്ടറി രഞ്ജൻ രാജ് ആർ.പിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ പഞ്ചായത്തീ രാജ് സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് കൊല്ലം ജില്ലാ പഞ്ചായത്തിലെ ഇരുപത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ 28 അംഗസംഘം അവിടത്തേക്ക് പോവുന്നത്.


യാത്രയ്ക്ക് സെക്കൻഡ് എ.സി ട്രെയിൻ യാത്രാ നിരക്ക് കില നൽകും. എന്നാൽ അംഗങ്ങൾക്ക് ദീർഘദൂര ട്രെയിൻ യാത്ര ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലും കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്നതിനാലും യാത്ര വിമാനത്തിലാക്കാമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സർക്കാർ നടപടി.


സെക്കൻഡ് എ.സി ട്രെയിൻ യാത്രാ നിരക്കിന് പുറമേ വിമാന യാത്രയ്ക്ക് ചെലവാകുന്ന അധിക തുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവാക്കാൻ അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇക്കാര്യം സർക്കാർ പരിശോധിക്കുകയും ജനപ്രതിനിധികൾക്ക് മാത്രം പഠനയാത്രയ്ക്കായി വിമാനയാത്ര നടത്താൻ അനുമതി നൽകിയും തുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ അനുവദിച്ചുമാണ് ഉത്തരവിറക്കിയത്.

Advertisment