പത്തനാപുരം: വിമാനത്താവളത്തിലും സ്വകാര്യ കമ്പനികളിലും ജോലി വാഗ്ദാനം ചെയ്തും വിവിധ ബാങ്കുകളിൽ നിന്നു വായ്പ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞും കോടികൾ തട്ടിയെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/346HQMaTsqyKrtp9CjCD.jpg)
മാങ്കോട് മുള്ളൂർനിരപ്പ് പാറക്കടവിൽ ഗോപാലകൃഷ്ണന്റെ മകൻ പി.ജി.അനീഷ്(35) ആണ് അറസ്റ്റിലായത്. കമുകുംചേരിയിലെ വാടക വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 125 പേരിൽ നിന്നു പണം തട്ടിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. അൻപതിനായിരം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും വാങ്ങിയത്.
ജോലിക്കു വേണ്ടി പണം നൽകിയവരിൽ പലർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജമായി ഉണ്ടാക്കി നൽകിയും പണം ഈടാക്കി. ഓരോ സർട്ടിഫിക്കറ്റിനും രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ഈടാക്കിയെന്നാണു പരാതി. പരാതിക്കാരിൽ 30 പേരുടെ പണം മടക്കി നൽകിയിട്ടുണ്ടെന്ന് അനീഷ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
പത്തനാപുരം-അടൂർ റോഡിൽ ചാങ്കൂരിൽ താമസിച്ചു വന്ന ഇയാളെ പണം നൽകിയവർ തേടിയെത്തിയതോടെ വിവിധയിടങ്ങളിലെ വാടക വീടുകളിലേക്കു മാറുകയായിരുന്നു. ഒരാഴ്ചയ്ക്കകം വീട് ഒഴിഞ്ഞു തരാമെന്നു വീട്ടുടമയ്ക്ക് ഉറപ്പു നൽകിയാണ് കമുകുംചേരിയിൽ താമസം തുടങ്ങിയത്.
കൊല്ലം അയത്തിൽ സ്വദേശി ശിവപ്രസാദ് ഇവിടം കണ്ടെത്തുകയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പൊലീസിൽ അറിയിക്കുകയുമായിരുന്നു. ശിവപ്രസാദിന്റെ പരാതിയിലാണ് പത്തനാപുരം പൊലീസ് കേസെടുത്തത്. വിവരം അറിഞ്ഞു നൂറോളം പേരാണു പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us