ചടയമംഗലം: ആശുപത്രിയിലെത്തിക്കാതെ ഒറ്റമുറി വീട്ടിൽ നടന്നപ്രസവമാണ് പോരേടം കള്ളിക്കാട് ഏറത്ത് വീട്ടിൽ അശ്വതിയുടെയും നവജാത ശിശുവിന്റേയും മരണകാരണമായത്.
/sathyam/media/post_attachments/pWbHH3YmVItDUOd4QJ0C.jpg)
അശ്വതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പേര് റജിസ്റ്റർ ചെയ്തു വേണ്ടത്ര ചികിത്സ ലഭ്യമാക്കുന്ന കാര്യത്തിൽ ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയെന്നു ആരോപണമുണ്ട്. ഭർത്താവ് അനിലും അശ്വതിയും കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. 17 വയസ്സുള്ള മകനും ഉണ്ട്.
രണ്ടു വർഷം മുൻപ് അശ്വതി വീട്ടിൽ പ്രസവിച്ചിരുന്നു. അന്നും കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ ജൂൺ 26ന് അശ്വതി പ്രസവ സംബന്ധമായ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മടവൂരിൽ സ്വകാര്യ ക്ലിനിക്കിലും പരിശോധന നടത്തി.
വിവരം അറിഞ്ഞ് അശ്വതിയുടെ വീട്ടിൽ ആശാവർക്കർമാർ എത്തി. എന്നാൽ അശ്വതിയുടെ വീട്ടിൽ ആളില്ലെന്നു കാരണം പറഞ്ഞു ആശാ വർക്കർമാർ മടങ്ങുകയായിരുന്നു. പ്രസവ സംബന്ധമായ ചികിത്സയെക്കുറിച്ചുള്ള അജ്ഞത ഇവരുടെ മരണത്തിനു കാരണമായെന്നു വേണം കരുതാൻ.
നിലമേൽ താമസിച്ചിരുന്ന അശ്വതിയും കുടുംബവും ബ്ലോക്ക് പഞ്ചായത്തിൽ നിന്നു സഹായം ലഭിച്ചതിനെ തുടർന്നാണ് കള്ളിക്കാട്ട് വസ്തു വാങ്ങിയത്. ഒറ്റമുറി വീട് വച്ചെങ്കിലും താമസിക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നു. ശുചിമുറി സൗകര്യവും കുറവായിരുന്നു. ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് മണലയം ഭാഗം. നിലമേൽ ആരോഗ്യ കേന്ദ്രവും സമീപത്താണ്.
ദിവസവും ആശാ വർക്കർമാർ ഫീൽഡ് സന്ദർശനം നടത്തി ഗർഭിണികളുടെയും കുട്ടികളുടെയും മറ്റും വിവരം ശേഖരിക്കേണ്ടതുണ്ട്. സമീപത്തുളള അങ്കണവാടികൾ വഴി ഗർഭിണികൾക്ക് പോഷകാഹാരം എത്തിക്കുകയും വേണം. അശ്വതിയുടെയും നവജാത ശിശുവിന്റെയും മരണത്തെ കുറിച്ച് മെഡിക്കൽ ബോർഡ് വിശദമായ പരിശോധന നടത്തിയ ശേഷമേ കൂടുതൽ വിവരം അറിയാനാകൂ എന്ന് ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us