മദ്യലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ചു വന്ന് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി, അപകടം ചോദ്യം ചെയ്ത യാത്രികന്റെ മുക്ക് ഇടിച്ചു പൊട്ടിച്ചു; സംഭവം കണ്ടു വന്ന വനിത കൗൺസിലറുടെ കാലുകളിലൂടെ കാർ കയറ്റിയിറക്കി; പ്രവാസി വ്യവസായി കസ്റ്റഡിയിൽ

New Update

കൊല്ലം: അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയതു ചോദ്യം ചെയ്ത വനിത കൗൺസിലറുടെ കാലുകളിലൂടെ പ്രവാസി വ്യവസായി കാർ കയറ്റിയിറക്കി. കോർപറേഷൻ ആലാട്ടുകാവ് ഡിവിഷൻ കൗൺസിലർ കാവനാട് കന്നിമേൽചേരി ഉരുമാളൂർ പടിഞ്ഞാറ്റതിൽ മാധവത്തിൽ എ.ആശയുടെ കാലിലൂടെയാണു വാഹനം കയറ്റിയിറക്കിയത്. വാഹനം ഓടിച്ച ശക്തികുളങ്ങര സ്വദേശി ബെൻ റൊസാരിയോയെ (48) ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment

publive-image

കാർ കയറിയിറങ്ങി ഇരുകാലിനും സാരമായി പരുക്കേറ്റ ആശ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 5.30നു വള്ളിക്കീഴ് ജംക്‌ഷനു സമീപമാണു സംഭവം. കോർപറേഷൻ ഓഫിസിൽ നിന്നു സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു കൗൺസിലർ.

ഈ സമയം കാവനാട് ഭാഗത്തേക്കു പോയ ബൈക്ക് യാത്രികനെ മദ്യലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ചു വന്ന ബെൻ ഇടിച്ചു വീഴ്ത്തി. അപകടം ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ മുക്ക് ഇയാൾ ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. സംഭവം കണ്ടു വന്ന കൗൺസിലർ ഇതു ചോദ്യം ചെയ്തു. പ്രകോപിതനായ ബെൻ കൗൺസിലറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നു, വാഹനം മുന്നോട്ട് എടുത്തു പോകാൻ ശ്രമിച്ച ഇയാളെ രാമൻകുളങ്ങര സ്വദേശി പൂക്കച്ചവടക്കാരനായ സുനിൽ കുമാർ തന്റെ ബൈക്ക് കാറിനു മുന്നിൽ നിർത്തി തടഞ്ഞു.

തുടർന്നു, ബെൻ വാഹനം പിന്നോട്ട് എടുത്തശേഷം അമിത വേഗത്തിൽ സുനിൽ കുമാറിനെ ഇടിച്ചു തെറിപ്പിക്കുകയും ആശയുടെ കാലിലൂടെ വാഹനം കയറ്റി ഇറക്കുകയുമായിരുന്നു. സുനിലിന്റെ കാലിനും പൊട്ടലുണ്ട്. നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു പൊലീസിനു കൈമാറി. ഇയാളെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തി പ്രതിഷേധമുണ്ടാക്കി.

കൂടുതൽ പൊലീസ് എത്തിയാണു സ്ഥിതിഗതികൾ നിയന്ത്രിച്ചത്. നാട്ടുകാർ ആക്രമിച്ചതായും ശാരീരിക അസ്വസ്ഥ അനുവഭപ്പെടുന്നതായും പറഞ്ഞ ബെൻ റൊസാരിയോയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

അതേസമയം, സിപിഎം കൗൺസിലറായ ആശയുടെ കാലിലൂടെ വാഹനം കയറ്റിയിറക്കിയ ബെൻ റൊസാരിയോയെ രക്ഷിക്കാൻ സിപിഎമ്മുകാർ തന്നെ രംഗത്ത് എത്തിയെന്നും ആക്ഷേപമുണ്ട്.

Advertisment