കല്ലുവാതുക്കൽ: കല്ലുവാതുക്കലില്‍ അനധികൃതമായി കടത്തിയ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളും വാഹനവും പിടികൂടി. സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധനയിൽ കല്ലുവാതുക്കലിൽ നിന്ന് 93 സിലിണ്ടറും കടത്താൻ ഉപയോഗിച്ച പിക്കപ്പുമാണു പിടികൂടിയത്.
/sathyam/media/post_attachments/zAjOPJC0vO5RAZenqe8b.jpg)
താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ മേഖലയിൽ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട പിക്കപ് വാൻ പരിശോധിക്കുകയായിരുന്നു.
സിലിണ്ടറുകൾ കൊല്ലം ഭാഗത്തു നിന്ന് ആറ്റിങ്ങൽ മേഖലയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഒരു കമ്പനിയുടെ സിലിണ്ടർ മാത്രമാണ് വാഹനത്തിൽ കൊണ്ടുപോകേണ്ടത്. എന്നാൽ ഇതിനു വിരുദ്ധമായി മറ്റു രണ്ടു കമ്പനികളുടെ പാചകവാതക സിലിണ്ടറുകൾ വാഹനത്തിൽ ഉണ്ടായിരുന്നു. സിലിണ്ടറുകളിൽ 91 എണ്ണം റീഫിൽ ചെയ്തതും രണ്ടെണ്ണം ഒഴിഞ്ഞതും ആയിരുന്നു.
പാരിപ്പള്ളി, കല്ലമ്പലം, മംഗലപുരം തുടങ്ങി വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്.പിടിച്ചെടുത്ത സിലിണ്ടറുകൾ ബാച്ച് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി പാരിപ്പള്ളിയിലെ പാചക വാതക വിതരണ ഏജൻസിയുടെ ഗോഡൗണിലേക്കു മാറ്റി. വാഹനം പാരിപ്പള്ളി പൊലീസിനു കൈമാറി.
സിലിണ്ടറുകൾ പിടികൂടിയതു സംബന്ധിച്ചു വിശദ റിപ്പോർട്ട് കലക്ടർക്കു കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപകുമാർ പറഞ്ഞു. ജില്ലയിലെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വ്യാപകമായി അനധികൃതമായി പാചകവാതക വിതരണം നടത്തുന്നതായി കാട്ടി ഒരാഴ്ച മുൻപു കലക്ടർക്കു പരാതി ലഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us