Advertisment

ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകും ! സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നത് തുടര്‍ക്കഥയാകുന്നു

New Update

കൊല്ലം:  ജില്ലയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ ഉദാരമനസ്‌കരായാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂട്ടിപോകുമെന്ന അവസ്ഥയാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാട്ടി ജോലിക്ക് ഹാജരാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെഡിക്കല്‍ ലീവ് എടുക്കുന്നതാണ് ജില്ലയില്‍ ആനവണ്ടി കോര്‍പ്പറേഷന്‍ നേരിടുന്ന അപൂര്‍വ്വ പ്രതിസന്ധി. മെഡിക്കല്‍ ലീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് പതിവായിരിക്കുന്നു.

Advertisment

publive-image

സര്‍വീസ് മുടങ്ങുന്നത് ജില്ലയിലെ ഡിപ്പോകളില്‍ നിന്നുളള വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി കൊല്ലം ജില്ലയില്‍ രക്ഷപ്പെടണമെങ്കില്‍ ഇനി ഡോക്ടര്‍മാര്‍ സഹായിച്ചേ പറ്റു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ചെല്ലുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് കൊല്ലം ഡി.ടി.ഒയുടെ അഭ്യര്‍ത്ഥന. ഇക്കാര്യം രേഖാമൂലം ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറോടും അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുന്നവരല്ല ഭാഗ്യവശാല്‍ ജില്ലയിലെ ഡി.എം.ഒ. കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അപേക്ഷ കിട്ടിയ മാത്രയില്‍ തന്നെ നടപടിയെടുത്തു.

ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി. "കെ.എസ്.ആര്‍.ടി.സി കൊല്ലം യൂണിറ്റിലെ ജീവനക്കാര്‍ക്ക് കൊല്ലം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ധാരാളം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു നല്‍കുന്നതിനാല്‍ മെഡിക്കല്‍ ലീവിലുളള ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുന്നതായും ഇതുമൂലം ദിനംപ്രതി ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യേണ്ടി വരുന്നതായും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ആയതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എല്ലാ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കുന്നു.."ഇതാണ് ഉത്തരവില്‍ പറയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും വൈകുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാരടക്കം പല ജീവനക്കാരും മറ്റുജോലികള്‍ക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്.

ഇതിന് വേണ്ടി ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുക്കുന്നതും പതിവാണ്.ഇതെ തുടര്‍ന്ന് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ആളെക്കിട്ടുന്നില്ല. അതു കൊണ്ടാണ് അറ്റകൈ പ്രയോഗം എന്നനിലിയില്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡി.എം.ഒയ്ക്ക് കത്ത് നല്‍കിയത്.

publive-image

Advertisment