Advertisment

ഒപ്പം പഠിച്ചിരുന്ന നാട്ടുകാരിയായ യുവതിയുടെ രണ്ടു വിവാഹാലോചനകള്‍ മുടക്കി, പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തി; മാനസികമായി തകര്‍ന്ന് ആത്മഹത്യാ കുറിപ്പെഴുതിവെച്ച ശേഷം വീട് വിട്ട് പെണ്‍കുട്ടി, യുവാവ് അറസ്റ്റില്‍

New Update

കൊല്ലം: കൊല്ലം ഓടനാവട്ടത്ത്‌ സഹപാഠിയായ യുവതിയുടെ വിവാഹാലോചനകള്‍ മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.  വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ (24) ആണ് അറസ്റ്റിലായത്. ഒപ്പം പഠിച്ചിരുന്ന നാട്ടുകാരിയായ യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് അരുണ്‍ മുടക്കിയത്.

Advertisment

publive-image

വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ബി ടെക്. പഠനകാലത്ത് അരുണും പെണ്‍കുട്ടിയും സഹപാഠികളായിരുന്നു. ഇരുവരും തമ്മില്‍ സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ, പെണ്‍കുട്ടി സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു.

ഇതിനിടെ അരുണ്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി ജനല്‍ അടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവം പൊലീസ് കേസാക്കാതെ ഒത്തുതീര്‍പ്പാക്കി.

തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അരുണ്‍ പിന്നീട് യുവതിയുടെ വിവാഹാലോചനകളെല്ലാം മുടക്കി. ആദ്യം വിവാഹം നിശ്ചയിച്ച ആളുടെ വീട്ടിലെത്തി താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു എന്നും വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ വിവാഹം മുടങ്ങി.

പിന്നീട് പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും ഇത് നടത്താനുള്ള തീയതി തീരുമാനിക്കുകയും ചെയ്തു.ഈ യുവാവിന്റെ അടുത്തെത്തി അരുണ്‍, തന്റെ കൈവശം യുവതിയുമൊത്തുള്ള ചിത്രങ്ങളുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു വിവാഹം കഴിച്ചാല്‍ വകവരുത്തുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി, ആത്മഹത്യാ കുറിപ്പെഴുതിവെച്ച ശേഷം വീട് വിട്ട് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഉടന്‍ തന്നെ കത്ത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് നിര്‍ണായകമായി. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പുമായിട്ടാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്. വിവാഹം നിശ്ചയിച്ച യുവാവും ഇവര്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്നു.

അരുണുമായി സൗഹൃദത്തിലായിരുന്ന കാലത്ത് മറ്റൊരാളുമായി സംസാരിച്ചാല്‍ പോലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം പ്രതി സമ്മതിച്ചതായി പൂയപ്പള്ളി പൊലീസ് പറഞ്ഞു. യുവതിയെ അപായപ്പെടുത്താന്‍ വെട്ടുകത്തിയുമായാണ് ഇയാള്‍ നടന്നിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

arrest report
Advertisment