7 മണിക്ക് ഭാര്യയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചു, തിരികെ വന്നിട്ട് വിളിക്കാമെന്ന് വാക്കും നല്‍കി; കാത്തു കാത്തിരുന്ന രഞ്ജിനിയുടെ ഫോണിലേക്ക് ഒടുവില്‍ 11 മണിയോടെ എത്തിയത് ഭര്‍ത്താവിന്റെ മരണവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍കോള്‍

New Update

പുത്തൂർ :സൈന്യത്തിന്റെ വാഹനവ്യൂഹം പുറപ്പെടും മുൻപ് കിട്ടിയ ഇടവേളയിലായിരുന്നു ആ വിഡിയോ കോൾ. ‘ഇവിടെ കൊടും തണുപ്പാണ്..ഇനിയങ്ങോട്ടു പോയാൽ റേഞ്ച് കിട്ടില്ല..തിരികെ വന്നിട്ടു വീണ്ടും വിളിക്കാം...’ വിഡിയോ കോളിലൂടെ ഭാര്യ രഞ്ജിനിയെ വിളിച്ചു യാത്ര പറയുമ്പോൾ അഭിലാഷോ, രഞ്ജിനിയോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല അത് അഭിലാഷിന്റെ അവസാന യാത്രയാകും എന്ന്.

Advertisment

publive-image

ലഡാക്കിൽ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മാവടി അഭിലാഷ് ഭവനിൽ എസ്.അഭിലാഷ്കുമാർ ഇന്നലെ രാവിലെ 7ന് ആണ് ഭാര്യയെ വിഡിയോ കോൾ ചെയ്തത്.

ഭാര്യയെയും മകനെയും മാതാപിതാക്കളെയും എല്ലാം കണ്ടു സംസാരിക്കുന്നതായിരുന്നു അഭിലാഷിനു പ്രിയം. ഇന്നലെയും അതാവർത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു വീട്ടുകാരും. പക്ഷേ പതിനൊന്നു മണിയോടെ രഞ്ജിനിയുടെ ഫോണിലേക്ക് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്റെ വിളി എത്തിയതോടെ സന്തോഷം തീരാവേദനയിലേക്കു മാറി.

അഭിലാഷിന്റെ വാഹനം അപകടത്തിൽ പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നുമായിരുന്നു ആദ്യവിവരം. മരണം സ്ഥിരീകരിച്ച സന്ദേശം പിന്നാലെയെത്തി. ആ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല കുടുംബാംഗങ്ങൾ. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും മറ്റു ബന്ധുക്കളും ഇവരെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാത്ത ധർമസങ്കടത്തിലായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് അഭിലാഷ് നാട്ടിലുണ്ടായിരുന്നു. ‍ഡെറാഡൂണിൽ നിന്നു ലഡാക്കിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഭാര്യയെയും മകനെയും നാട്ടിലാക്കാനുള്ള വരവായിരുന്നു അത്. കുടുംബവീടിനോട് ചേർന്ന് അഭിലാഷിന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. ഇതിന്റെ കുറച്ചു പണികൾ കൂടി തീർത്തിട്ടായിരുന്നു മടക്കം

മേയ് 5ന് ആണ് ഇവരുടെ വിവാഹ വാർഷികം. അതിനു മുൻപ് എന്തായാലും നാട്ടിലെത്തും എന്ന് ഇന്നലെയും ഫോൺ വിളിച്ചപ്പോൾ രഞ്ജിനിക്ക് ഉറപ്പു നൽകിയിരുന്നു. വീടിന്റെ പണി പൂർത്തിയാക്കി പാലുകാച്ചൽ നടത്തണം എന്ന കാര്യവും സൂചിപ്പിച്ചു. പക്ഷേ സ്വപ്നങ്ങളും പ്രതീക്ഷകളും അപ്രതീക്ഷിത അപകടത്തിന്റെ രൂപത്തിൽ വിധി കവർന്നു. ഈ ദു:ഖം താങ്ങാൻ കുടുംബത്തിന് കരുത്തുണ്ടാകണമെ എന്ന പ്രാർഥനയിലാണ് നാട്.!

accident death
Advertisment