കൂടത്തായി കൊലപാതക പരമ്പര: അന്വേഷണസംഘം വിപുലീകരിച്ചു; സാങ്കേതികസഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 9, 2019

തിരുവനന്തപുരം: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലെ പത്തില്‍നിന്ന് 35 ആക്കി വര്‍ധിപ്പിച്ചു. അന്വേഷണസംഘത്തിന്റെ മേല്‍നോട്ടച്ചുമതല ഉത്തരമേഖല ഐ.ജി അശോക് യാദവിനായിരിക്കും.

കണ്ണൂര്‍ എ.എസ്.പി ശില്‍പ്പ ഡി, നാദാപുരം എ.എസ്.പി അങ്കിത് അശോകന്‍, താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാല്‍ കെ.വി, കോഴിക്കോട് സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്‌.ഒ ശിവപ്രസാദ്.സി, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്‌പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നതൃത്വത്തില്‍ പ്രത്യേകസംഘം ഉണ്ടായിരിക്കും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ കേരളാ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയും ജോയിന്റ് ഡയറക്റ്ററുമായ ഷാജി.പി എന്നിവരാണ് അംഗങ്ങള്‍.

×