കൂടത്തായി: ആറു മരണങ്ങളും വിഷം ഉള്ളിൽ ചെന്നതു മൂലമെന്ന് മെഡിക്കൽ ബോർഡ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, November 16, 2019

കോഴിക്കോട് : കൂടത്തായി കൊലപാത പരമ്പരയിലെ മരണ കാരണം വിഷം ഉള്ളില്‍ ചെന്നത് മൂലമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കൂടത്തായി കൊലപാതകം സയനൈഡ് ഉപയോഗിച്ച് ആകാമെന്നും മെഡിക്കല്‍ ബോര്‍ഡ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേർന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം റിപ്പോർട്ട് നൽകിയത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആറു മരണങ്ങളുടെയും കാരണം വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോടെയാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. കൊലപ്പെടുത്താൻ ഉപയോഗിച്ചത് സയനൈഡ് ആയിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരുഹ മരണങ്ങളിൽ ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബാക്കിയുള്ളവരുടെ മരണകാരണം തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കല്‍ ബോര്‍ഡിനെ സമീപിച്ചത്.

ജോളി പിടിയിലായ സമയത്ത് നല്കിയ മൊഴിയിലെ ശാസ്ത്രീയ വൈരുദ്ധ്യങ്ങളും മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒന്നര വയസുള്ള ആല്‍ഫൈന്‍ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാണ് മരിച്ചതെന്നായിരുന്നു ജോളിയുടെ ആദ്യഘട്ടത്തിലെ മൊഴി.

എന്നാല്‍ ആല്‍ഫൈന്‍ മരണ സമയത്ത് നിലവിളിച്ചതായി ദൃക്സാക്ഷി മൊഴിയുണ്ട്. തൊണ്ടയില്‍ ഭക്ഷണ പദാർത്ഥം കുരുങ്ങിയാല്‍ നിലവിളിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തെ അറിയിച്ചു.

×