സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു ‘എവരിതിങ് ക്ലിയർ’ എന്ന്‍ മെസേജ് അയച്ചു ! സിലിയുടെ കൊലപാതകം ഷാജു അറിഞ്ഞെന്ന് ജോളിയുടെ വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, October 22, 2019

കോഴിക്കോട്∙ കൂടത്തായി കൊലക്കേസില്‍ രണ്ടാം ഭർത്താവ് ഷാജുവും പ്രതികൂട്ടിലാകും ? ഷാജുവിന്റെ ആദ്യ ഭാര്യ സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു ‘എവരിതിങ് ക്ലിയർ’ എന്ന്‍ മൊബൈൽ ഫോണിൽ മെസേജ് അയച്ചിരുന്നതായും ജോളി വെളിപ്പെടുത്തി .

ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. ജോളി അയച്ചുവെന്ന് പറയുന്നു മൊബൈല്‍ സന്ദേശം വീണ്ടെടുക്കാനായാല്‍ ഷാജുവിനെതിരെ അത് തെളിവായി ഹാജരാക്കാനാണ് പോലീസിന്‍റെ നീക്കം. ജോളിയുടെ മൊഴി ശരിയാണോ എന്ന് വ്യക്തമാകണമെങ്കില്‍ ഈ സന്ദേശം വീണ്ടെടുക്കാനാകണം .

ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം.

സിലി വധക്കേസിൽ ജോളി ജോസഫിനെ നേരത്തേ ആറു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 26ന് വൈകിട്ടു നാലു മണിവരെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ജോളിയെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

×