ജോളിയുമായി പൊന്നാമറ്റത്ത് രാത്രി തിരക്കിട്ട് നടത്തിയ രണ്ടാം തെളിവെടുപ്പില്‍ കണ്ടെടുത്തത് ഒരു കുപ്പി. സയനൈഡ് ആണോ എന്ന് പരിശോധിക്കുന്നു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, October 14, 2019

കോഴിക്കോട് : ജോളിയുമായി പൊന്നാമറ്റം വീട്ടില്‍ രാത്രി തിരക്കിട്ട് നടത്തിയ രണ്ടാം തെളിവെടുപ്പില്‍ അടുക്കളയില്‍ നിന്നും ഒരു കുപ്പി കണ്ടെടുത്തതായി സൂചന. ഇത് ജോളി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡിന്‍റെ ബാക്കിയാണോ എന്ന് വ്യക്തമല്ല .

ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ജോളിയെ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയത്. വീട്ടില്‍ ഒരു വസ്തു ഒളിപ്പിച്ചിട്ടുള്ളതായി ജോളി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും തെളിവെടുപ്പിന് എത്തിച്ചതെന്നാണ് സൂചന.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കണ്ടെത്തിയ കുപ്പിയില്‍ സയനൈഡ് ആണോ ഉള്ളതെന്ന കാര്യം വ്യക്തമാകൂ.

ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തശേഷമാണ് രാത്രിയോടെ ഷാജുവിനെയും സഖറിയാസിനെയും വിട്ടയച്ചത്. അതിനുശേഷമാണ് ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

 

×