കൊറോണ വൈറസ് ഭീതി; ഒളിംപിക് യോഗ്യതാ മത്സരങ്ങളില്‍ മാറ്റം..മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച്‌ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍

സ്പോര്‍ട്സ് ഡസ്ക്
Thursday, January 23, 2020

ബെയ്‌ജിങ്‌ : കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഒളിംപിക് യോഗ്യതാ മത്സരങ്ങളില്‍ മാറ്റം. ചൈനയിലെ വുഹാനില്‍ നടത്തേണ്ടിയിരുന്ന ഒളിംപിക് വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ കിഴക്കന്‍ ചൈനയിലെ നാന്‍ജിംഗിലേക്കാണ് മാറ്റിയത്.

ഏഷ്യ, ഓഷ്യാനിയ ബോക്സിംഗ് യോഗ്യതാ മത്സരങ്ങളും മാറ്റി വെച്ചെങ്കിലും, പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല. മേരി കോം അടക്കം ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ചാമ്പ്യന്‍ഷിപ്പാണിത്. അടുത്ത മാസം മൂന്നു മുതല്‍ ഒമ്പത് വരെയാണ് മത്സരങ്ങള്‍..

അതേസമയം മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച്‌ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ രംഗത്തെത്തി. ചൈനയില്‍ മത്സരം നടത്താനാവുന്നില്ലെങ്കില്‍ ഡല്‍ഹിയില്‍ മത്സരം നടത്താന്‍ തയാറാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചതായി ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ സചേതി പറഞ്ഞു. എന്നാല്‍ ഫിലിപ്പീന്‍സും സന്നദ്ധത അറിയിച്ചതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല

×