27 വര്‍ഷത്തെ സമ്പാദ്യം അഴുതയാര്‍ കവര്‍ന്നത് ഒരു നിമിഷംകൊണ്ട് ! ഇരുനില വീട് അഴുതയാര്‍ കൊണ്ടുപോയത് അമ്മയും മകളും നോക്കിനില്‍ക്കേ. മുണ്ടക്കയം കല്ലേപ്പാലം കൊല്ലംപറമ്പില്‍ ജെബിക്കും കുടുംബത്തിനും ബാക്കിയായത് ഉടുത്തിരുന്ന വസ്ത്രം മാത്രം ! കുടുംബാവശ്യത്തിനായി മകളുടെ സ്വര്‍ണം പണയം വച്ചും കുടുംബശ്രീയില്‍ നിന്നു വായ്പയെടുത്തും സൂക്ഷിച്ച രണ്ടര ലക്ഷം രൂപയും വീടിനൊപ്പം അഴുതയാര്‍ കൊണ്ടുപോയി. എല്ലാം നഷ്ടപ്പെട്ട് ഇനിയെന്തെന്ന ചോദ്യവുമായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിരവധി കുടുംബങ്ങള്‍

New Update

കോട്ടയം  : 27 വര്‍ഷത്തെ അധ്വാനഫലം ഒരുനിമിഷംകൊണ്ട് അഴുതയാര്‍ കൊണ്ടുപോയതിന്‍റെ ദുഖത്തില്‍ നിന്നും ഇനിയും മുക്തമല്ല മുണ്ടക്കയം കല്ലേപ്പാലം കൊല്ലംപറമ്പില്‍ ജെബിയും കുടുംബവും. ഉടുത്തിരുന്ന വസ്ത്രമല്ലാതെ മറ്റെല്ലാം ജെബിക്കും കുടുംബത്തിനും നഷ്ടമായി. വീട് അഴുതയാറിലേക്ക് മുഴുവനായി വീഴുമ്പോള്‍ ജെബിയുടെ ഭാര്യ പുഷ്പയും ഇളയമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Advertisment

publive-image

അധികം കാലപ്പഴക്കമില്ലാത്ത ഇരുനില വീടായിരുന്നു ജെബിയുടേത്. കനത്ത മഴവന്ന ദിവസവും ഈ വീട് നിലംപൊത്തുമെന്ന ചിന്തപോലും വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ഈ വീട്ടില്‍ ദുരന്തമുണ്ടാകുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുവരെ നാട്ടുകാരടക്കമുള്ളവരും ഉണ്ടായിരുന്നു.

ഇതിനിടെയാണ് കുത്തിയൊലിച്ചെത്തുന്ന വെള്ളം കാണാന്‍ പുഷ്പയും മകളും പുറത്തിറങ്ങിയത്. വെള്ളം കണ്ടുകൊണ്ടു നില്‍ക്കുന്നതിനിടെ തന്നെ ഇവരുടെ വീട് ആറ്റിലൂടെ ഒഴുകിയെത്തിയ വെള്ളം കൊണ്ടുപോയി. സ്വകാര്യ ബസ് ഡ്രൈവറായ ജെബി ഈ സമയം ബസില്‍ ജോലിയിലായിരുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തമായതിനാല്‍ ഉടുത്തിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇവര്‍ക്കിനി ബാക്കിയില്ല. കഴിഞ്ഞ ദിവസങ്ങളിലായി മകളുടെ സ്വര്‍ണം പണയംവച്ചെടുത്തതും കുടുംബശ്രീയില്‍ നിന്നും വായ്പവാങ്ങിയതുമായി വീട്ടില്‍ തന്നെ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയും വീട്ടിലുണ്ടായിരുന്നു.

ഇന്നിപ്പോള്‍ വീടിരുന്ന സ്ഥാനത്ത് ഒന്നും ബാക്കിയില്ല. തൊട്ടടുത്ത വീടുകളും വെള്ളപ്പൊക്കം കൊണ്ടുപോയി. തങ്ങളുടെ സ്വപ്നം മുഴുവന്‍ ഒരു നിമിഷംകൊണ്ട് കവര്‍ന്നെടുത്ത അഴുതയാറിനെ നോക്കി നിര്‍വികാരതയോടെ നില്‍ക്കുകയാണ് ഈ കുടുംബം.

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലാണ് മുണ്ടക്കയം കല്ലേപ്പാലത്തിനു സമീപം വീട് അഴുതയാറിലേക്ക് നിലംപൊത്തിയത്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വലിയ തോതില്‍ പ്രചരിച്ചിരുന്നു.

flood
Advertisment