പി.സി ജോർജ്ജിനെ യുഡിഎഫിലെത്തിക്കാൻ നീക്കം നടത്തിയെന്നാരോപിച്ച് ജോസഫ് വാഴക്കനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു: സംഭവം ഈരാറ്റുപേട്ടയിൽ ഗ്രൂപ്പ് യോഗം കഴിഞ്ഞിറങ്ങുമ്പോൾ: വൈസ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗത്തിനെത്തിയതിനെതിരെയും പ്രതിഷേധം!

സുഭാഷ് ടി ആര്‍
Saturday, July 4, 2020

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ നിയമസഭയിലെ സ്വതന്ത്ര അംഗം പി സി ജോർജിനെ യുഡിഎഫിൽ എത്തിക്കുന്നതിനുള്ള നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി.

പി സി ജോർജ്ജിനെ മുന്നണിയിലെടുക്കുന്നതിന് കോൺഗ്രസ്സിലെ ഐ വിഭാ​ഗത്തിന്റെ അഭിപ്രായം ആരായാൻ ഈരാറ്റുപേട്ട ബ്ലോക്കിലെ അനുയായികളുടെ യോ​ഗം വിളിച്ചുകൂട്ടാൻ എത്തിയ കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴക്കനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു. ഈരാറ്റുപേട്ടയിലെ ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടിൽ നടന്ന യോഗത്തിന് ശേഷം പുറത്തു പോകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു സംഭവം. ഗ്രൂപ്പ് യോഗങ്ങൾക്ക് കെ പി സി സി വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ വൈസ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗത്തിൽ എത്തിയതും പ്രവർത്തകരുടെ രോഷപ്രകടനത്തിന് കാരണമായി. എ ​ഗ്രൂപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വാഴക്കനെ തടഞ്ഞതെന്നാണ് റിപ്പോർട്ട്.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഏറ്റവും രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയ രാഷ്ട്രീയ നേതാവ് പി സി ജോർജ്ജായിരുന്നു. ഉമ്മൻചാണ്ടിക്കെതിരായ പീഡന ആരോപണത്തിൽ ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് ജോർജ്ജ് ആയിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ കേട്ടാലറയ്ക്കുന്ന വിധം പ്രതികരണങ്ങൾ നടത്തിയ ജോർജിനെ വീണ്ടും യുഡിഎഫിൽ തിരികെ എത്തിക്കാനുള്ള നീക്കം ഉമ്മൻചാണ്ടിയെ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ആണെന്നാണ് എ വിഭാ​ഗത്തിന്റെ വിലയിരുത്തൽ. മുന്നണിയിൽ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന ജോസ് വിഭാഗത്തെ മുന്നണിക്ക് പുറത്താക്കിയതും ഉമ്മൻചാണ്ടിയെ മുന്നണിയിൽ ദുർബലപ്പെടുത്താനുള്ള നീക്കമായാണ് എ വിഭാ​ഗം വിലയിരുത്തിയത്.

അതിന് എ ഗ്രൂപ്പിൽ നിന്നും കെസി ജോസഫിന്റെയും ഗ്രൂപ്പുമായി അകന്നുനിൽക്കുന്ന ബെന്നി ബഹന്നാന്റെയും പിന്തുണ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും അധികം വേദനയുണ്ടാക്കിയ ആരോപണങ്ങൾക്കു ചുക്കാൻപിടിച്ച പിസി ജോർജ്ജിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കമാണ് ജോർജിന്റെ നാട്ടിൽ നിന്നു തന്നെയുള്ള കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത് .
ഐ ​ഗ്രൂപ്പ് യോ​ഗത്തിലും പൂഞ്ഞാറിലെ പ്രവർത്തകരുടെ വികാരം ജോർജിനെതിരെയായിരുന്നു. എന്തായാലും ജോസഫ് വാഴക്കനെതിരായ അപ്രതീക്ഷിത പ്രതികരണം ഐ ഗ്രൂപ്പിൽ ഞെട്ടിച്ചിരിക്കുകയാണ്.

×