കോട്ടയം : കത്തോലിക്കാ സഭയ്ക്കും പാലാ രൂപതയ്ക്കും കോട്ടയത്തെ ചില രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ ക്രിമിനല്‍ കേസ് പ്രതിക്കുവേണ്ടി സമരത്തിനിറങ്ങിയ കോട്ടയം ഡി സി സിയെ പ്രതിരോധത്തിലാക്കി പാലാ രൂപതാ യുവജന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഡി സി സി അധ്യക്ഷനൊപ്പം ക്രിമിനല്‍ കേസ് പ്രതി വാര്‍ത്താസമ്മേളനം നടത്തുന്നതിന്റെ വീഡിയോ സഹിതമാണ് യുവജന സംഘടനയായ എസ്എംവൈഎമ്മിന്‍റെ ഫേസ്ബുക്ക് പേജില്‍ 'പാലാക്കാരൻ ചേട്ടനെ'ന്ന പേജിന്‍റെ ഉടമയായ സജ്ജയ് സഖറിയാസിനെതിരെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ഇതോടെ ഇയാളെ പിന്തുണച്ച് സമരത്തിനിറങ്ങിയ കോട്ടയം ഡി സി സി വെട്ടിലായി.
ഡി സി സി നടത്തിയ സമരത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം വിട്ടു നിന്നിരുന്നുവെങ്കിലും ഡി സി സി അദ്ധ്യക്ഷന്‍ സമരത്തില്‍ മുഴുനീള പങ്കാളിയായിരുന്നു.
എന്തയാറ്റിലും കൂട്ടിക്കലും ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നശിച്ച നാട്ടുകാര്‍ക്ക് 2 മാസമായിട്ടും സര്‍ക്കാര്‍ സഹായം കിട്ടാത്തതിനെതിരെ സമരം സംഘടിപ്പിക്കണമെന്ന് പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടിട്ടും നിരാകരിച്ച ഡി സി സി അദ്ധ്യക്ഷന്‍ പകരം രണ്ടാം തവണയും പാലായില്‍ സമരത്തിനിറങ്ങുകയായിരുന്നു.
ഇതോടെ യൂത്ത് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ഉള്‍പ്പെടെ സമരം ബഹിഷ്കരിച്ചു. ഒടുവില്‍ കോണ്‍ഗ്രസിലെ ക്രൈസ്തവ വിരുദ്ധരുടെ ആഘോഷവേദിയായി സമരം മാറിയെന്ന കടുത്ത വിമര്‍ശനമാണ് ചില ഉന്നത നേതാക്കള്‍ കെ പി സി സിയെ അടിയിച്ചത്.
ഇതോടെയാണ് 24 മണിക്കൂര്‍ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയ നേതാക്കളൊന്നും എത്താതിരുന്നത്.
സമരം ഉത്ഘാടനം ചെയ്യാനും കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കളും എം എല്‍ എമാരും തയ്യാറായില്ല. ഒടുവില്‍ മാണി സി കാപ്പന്‍ ഇടപെട്ട് ആര്‍ എം പി നേതാവ് കെ കെ രമ എംഎല്‍എയെ എത്തിക്കുകയായിരുന്നു.
ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെയും പാലാ രൂപതക്കെതിരെയും പ്രചാരണം നടത്തിയതിന് വിശദീകരണമായി ' പാലാക്കാരൻ ചേട്ടൻ' പേജ് അഡ്മിനായ മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ എം ചാണ്ടിയുടെ കൊച്ചുമകനും മിശ്രവിവാഹിതനുമായ സഞ്ജയ് സഖറിയാസ് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് അതൊക്കെ പാലക്കാരുടെ പൊതുവികാരമാണെന്നായിരുന്നു.
പാലക്കാരുടെ വികാരമാണ് ട്രോളായും ഫേസ്ബുക്ക് പോസ്റ്റായും താന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു സഞ്ജയ് സഖറിയാസ് മാധ്യമ സമ്മേളനത്തില്‍ പറഞ്ഞത്. അതും പാലാ രൂപതക്കെതിരായ ഈ പരാമര്‍ശങ്ങള്‍ ഡി സി സി അദ്ധ്യക്ഷന്‍ നാട്ടകം സുരേഷിന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഇതോടെ സൈബര്‍ കേസ് പ്രതിക്കുവേണ്ടിയുള്ള തുടര്‍സമരങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് കെ പി സി സി നേതൃത്വം ഡി സി സി അദ്ധ്യക്ഷന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
മറ്റൊരു സൈബർ കേസിൽ സഞ്ജയ് ജയിലിൽ ആയതിനെ തുടർന്നാണ് വ്യാജ പ്രൊഫൈലുകൾ വഴി മതവിദ്വേഷം വളർത്തുന്ന രീതിയിൽ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെയും പാലാ രൂപതക്കെതിരെയും നടന്ന പ്രചരണങ്ങൾക്ക് പിന്നിലും ഇയാൾ ആണെന്ന് വ്യക്തമായത്.
വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസികളും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. മുന്‍ കെ പി സി സി അദ്ധ്യക്ഷനും പൊതുസ്വീകാര്യനുമായിരുന്ന കെ എം ചാണ്ടിയുടെ കൊച്ചുമകനായ സജ്ജയ് മുന്‍പ് ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ സജീവമായത്.