കാഞ്ഞിരപ്പള്ളിയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: പൊലീസ് തിരയുന്നത് അറിഞ്ഞ് പ്രതി കോഴിക്കോട്ടേക്ക് പോകാൻ ശ്രമിച്ചു: കൈയിൽ പണമില്ലാത്തതിനാൽ വെള്ളിയാഴ്ച രാത്രി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തി: പ്രതിയെ പോലീസ് കുടുക്കിയത് ഇങ്ങനെ

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, December 8, 2019

കാഞ്ഞിരപ്പള്ളി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ വിഴിക്കിത്തോട് കരിമ്പുകയം പടിയറപ്പറമ്പിൽ അരുൺ സുരേഷിനെ (അപ്പു-25) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് തിരയുന്നത് അറിഞ്ഞ് കോഴിക്കോടിനു പോകാനായിരുന്നു ശ്രമം.

കൈയിൽ പണമില്ലാത്തതിനാൽ വെള്ളിയാഴ്ച രാത്രി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയ പ്രതിയെ ആനക്കല്ലിൽ വച്ച് ഇന്നലെ പുലർച്ചെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പെൺകുട്ടിയെ ലക്ഷ്യമിട്ട് ഏതാനും ദിവസമായി അരുൺ പരിസരത്ത് കറങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രദേശത്തെ ചില യുവാക്കളോട് ചങ്ങാത്തവും കൂടി.

വീടിനു സമീപത്തെ കടയിലും കവലയിലുമായി തങ്ങി പരിസരവും സാഹചര്യങ്ങളും നിരീക്ഷിച്ചു. പെൺകുട്ടിയും വീട്ടുകാരും അരുണിനെ പലപ്പോഴും പരിസരങ്ങളിൽ കണ്ടിട്ടുണ്ട്. ഈ പരിചയം മുതലെടുത്താണ് ഇയാൾ പെൺകുട്ടി തനിച്ചായ സമയം നോക്കി വെള്ളം ചോദിച്ച് വീട്ടിൽ കയറിയത്. പെൺകുട്ടി ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പൊത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രതി സമ്മതിച്ചു.

പീഡിപ്പിച്ചതിനു ശേഷം കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും ബൈക്കിൽ കറങ്ങി നടന്ന അരുൺ പിന്നീട് ബസിൽ കയറി തൊടുപുഴയിലെത്തിയെന്നും പൊലീസ് കണ്ടെത്തി. അപ്പോഴേക്കും‍ നവമാധ്യമങ്ങളിലൂടെ അരുണിന്റെ ഫോട്ടോ സഹിതം സംഭവം പ്രചരിച്ചിരുന്നു. പെൺകുട്ടിയെ മർദിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു പറഞ്ഞ് പലരെയും തെറ്റിദ്ധരിപ്പിക്കാനും അരുൺ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.സ്കൂളിൽ നിന്നു തിരിച്ചു വന്ന സമയത്തായിരുന്നു പെൺകുട്ടിക്കു നേരെ ആക്രമണമുണ്ടായത്.

×