തിരോധാനം തുടര്‍ക്കഥയാകുന്നു ; അറുപറയില്‍ നിന്നു ദമ്പതികളെ കാണാതായി 3 വര്‍ഷം തികഞ്ഞയുടന്‍ കുമ്മനത്തു നിന്നും മറ്റൊരാളെ കാണാതായി ; റാഫിയെ കാണാതാകുന്നത് വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുന്നതിനിടയില്‍ ; 3 വര്‍ഷം മുമ്പ് ദമ്പതികളെ കാണാതായതും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ ?

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, December 14, 2019

കുമരകം : അറുപറയിൽ നിന്നു ദമ്പതികളെ കാണാതായി 3 വർഷം ആകാറായപ്പോൾ തൊട്ടടുത്ത കുമ്മനത്തു നിന്നു മറ്റൊരാളെ കാണാതായി. ഇവഴിക്കൽ പരീതുകുട്ടിയുടെ മകൻ മുഹമ്മദ് റാഫി(48)യെയാണ് ഒരാഴ്ചയായി കാണാതായത്.

അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെയാണ് നേരത്തേ കാണാതായത്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴാണു കുമ്മനത്തു നിന്നു റാഫിയെ കാണാതായത്. കഴിഞ്ഞ ശനിയാഴ്ച പകൽ വീട്ടിൽ നിന്നു കുളപ്പുരക്കടവു ഭാഗത്തെ കടയിൽ സാധനം വാങ്ങാൻ പോയ റാഫി വീട്ടിൽ എത്തിയില്ല.

ദമ്പതികളെയും റാഫിയെയും കാണാതാകുന്നത് വീട്ടിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ്. റാഫി മടക്കണ്ട ഭാഗത്തു കൂടി നടന്നു പോയെന്നും അയ്മനത്ത് ഒരു വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചെന്നും ബന്ധുക്കൾക്കു വിവരം കിട്ടിയിരുന്നു.

അവിവാഹിതനായ റാഫി കുടുംബ വീട്ടിലാണ് കഴിയുന്നത്. ബന്ധു വീടുകളിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും റാഫിയെ കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകി. പിന്നീടു ജില്ലാ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും ബന്ധുക്കൾ പരാതി നൽകിയെങ്കിലും റാഫിയുടെ വിവരമൊന്നും ലഭിച്ചില്ല.

ഇല്ലിക്കൽ സ്വദേശികളായ ദമ്പതികളെ കാണാതായത് 2017 ഏപ്രിൽ ആറിനാണ്. ആഹാരം വാങ്ങാനെന്നു പറഞ്ഞു വീട്ടിൽ നിന്നു സന്ധ്യയോടെ കാറിൽ പുറത്തേക്കു പോയ ഇവരെപ്പറ്റി പിന്നീടു വിവരമൊന്നുമില്ല.

2017 നവംബർ 13നാണ് മാങ്ങാനത്തുനിന്നു കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പുതുക്കാട്ട് പി.സി.ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കാണാതായത്. ഇവരുടെ സ്കൂട്ടർ കോട്ടയം റയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ കണ്ടെത്തി. ഇവരെയും കണ്ടെത്താനായില്ല.

×